ചേവായൂർ ഉപജില്ല-കക്കോടി പഞ്ചായത്ത്തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

post

കുട്ടികളിൽ മതേതര, ജനാധിപത്യ ബോധം വളർത്തിയെടുക്കണം -മന്ത്രി എ കെ ശശീന്ദ്രൻ

ചേവായൂർ ഉപജില്ല-കക്കോടി പഞ്ചായത്ത് തല പ്രവേശനോത്സവം ഒറ്റത്തെങ്ങ് ഗവ. യുപി സ്‌കൂളിൽ വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയിൽ ചെറുപ്പത്തിൽ തന്നെ മതേതര, ജനാധിപത്യ ബോധം വളർത്തിയെടുത്താൽ അതിക്രമങ്ങളും വർഗീയതയും ഇല്ലാത്ത നാടായി കേരളം മാറുമെന്നും അതിന്റെ ചുവടുവെപ്പാണ് ഈ വർഷം മുതൽ വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങൾ നിരവധിയാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിൽ തന്നെ മാറ്റങ്ങളുണ്ടായി. ജോലി കിട്ടാനുള്ള പഠനത്തിൽനിന്ന് അറിവിന്റെ മേഖലകൾ എത്തിപ്പിടിക്കാൻ പ്രാപ്തമാക്കുന്ന സംവിധാനമായി വിദ്യാഭ്യാസം മാറി. അറിവിലൂടെ നന്മയെയും തിന്മയെയും തിരിച്ചറിയാനുള്ള കരുത്ത് കുട്ടികൾക്ക് ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകൾക്ക് നൽകുന്ന സ്പോർട്സ് ലാബ് കിറ്റുകളുടെ വിതരണോദ്ഘാടനവും പ്രസിഡന്റ് നിർവഹിച്ചു. പ്രധാനാധ്യാപിക സി ജി ആശാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി വിനോദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താഴത്തെയിൽ ജുമൈലത്ത്, വാർഡ് മെമ്പർമാരായ സി ടി ശിവാനന്ദൻ, ശുഭ, അജിത നിരവത്ത്, കെ ടി സിയാബ്, എഇഒ ഓഫീസ് സീനിയർ സൂപ്രണ്ട് ടി സജീവ്, ചേളന്നൂർ ഡി ആർ സി പ്രതിനിധി ഷാജീവ് മാസ്റ്റർ, പിടിഎ പ്രസിഡന്റ് ദീപേഷ് തുടങ്ങിയവർ സംസാരിച്ചു.

കൊയിലാണ്ടി നഗരസഭ പ്രവേശനോത്സവം

കൊയിലാണ്ടി നഗരസഭ കുടുംബശ്രീസൗഹൃദ ബിആർസി പ്രവേശനോത്സവം നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ മുഖ്യാതിഥിയായി.


സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദിര ടീച്ചർ, നിജില പറവക്കൊടി, കൗൺസിലർമാരായ പി ജിഷ, ടി വത്സരാജ് കേളോത്ത്, ചന്ദ്രിക, മെമ്പർ സെക്രട്ടറി വി രമിത, ബ്ലോക്ക് കോഓഡിനേറ്റർ രശ്മിശ്രീ, പിടിഎ പ്രസിഡന്റുമാരായ ഗിരീഷ്, രവി, ബഡ്‌സ് സ്‌കൂൾ അധ്യാപിക ആതിര, സിഡിഎസ് വൈസ് ചെയർപേഴ്‌സൺ ആരിഫ, ഉപസമിതി കൺവീനർമാരായ രേഖ, ശ്രീകല, കൊയിലാണ്ടി നോർത്ത് സിഡിഎസ് ചെയർപേഴ്‌സൺ എം പി ഇന്ദുലേഖ, സുരേഷ് മാസ്റ്റർ, സിഡിഎസ് അംഗങ്ങളായ മുബീന, സുജാത, ശോഭന, ശാലിനി തുടങ്ങിയവർ സംസാരിച്ചു.

കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾ, ബഡ്‌സ് സ്‌കൂൾ അധ്യാപകൻ സുരേഷ് മാസ്റ്റർ, സ്‌കൂളിലെ ആയ കാർത്തിക എന്നിവരെയും സ്‌കൂളിലെ മുഴുവൻകുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു. മധുര വിതരണം, ഭക്ഷണ വിതരണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടായി.