100 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

post

ഇടുക്കി : ജില്ലയിലെ  മത്സ്യ വിപണന കേന്ദ്രങ്ങളില്‍ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 100 കിലോയോളം പഴകിയതും മായം കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. മായം കലര്‍ന്ന മത്സ്യങ്ങള്‍ വിപണനം നടത്തുന്നുവെന്ന സൂചനയെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസങ്ങളിലായി ജില്ലയിലുടനീളമുള്ള മത്സ്യ വിപണന കേന്ദ്രങ്ങളില്‍ അധികൃതര്‍ വ്യാപക പരിശോധന നടത്തി. മത്സ്യലഭ്യത കുറവായതിനാല്‍ ഭൂരിഭാഗം കടകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. പ്രവര്‍ത്തിച്ചു വന്നവയില്‍ നടത്തിയ പരിശോധനയില്‍ പല കടകളില്‍ നിന്നായി ചൂര - 65 കിലോ, ചെമ്മീന്‍ - 20 കിലോ, കലവ - 18 കിലോ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.തൊടുപുഴ, മുട്ടം, അണക്കര ,കുമളി, ഏലപ്പാറ, മുരിക്കാശ്ശേരി, ചെറുതോണി, തങ്കമണി, കട്ടപ്പന, ഇരുപതേക്കര്‍ , തൂക്കുപാലം, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 

ശരിയായ രീതിയില്‍ ഐസിട്ട് സൂക്ഷിച്ച മത്സ്യങ്ങളേ വിപണനം നടത്താവൂ എന്നും 1:1 എന്ന അനുപാതത്തില്‍ ഐസ് ഇട്ട് മത്സ്യം സൂക്ഷിക്കണമെന്നും വ്യാപാരികള്‍ക്ക്കര്‍ശന നിര്‍ദ്ദേശം നല്കി. വരും ദിവസളിലും പരിശോധന തുടരും. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍ പി.എസ് ഷെനൂബ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസര്‍മാരായ സന്തോഷ്, ഐശ്വര്യ, ആന്‍മരിയ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.