മാടമൺ ​ഗവ. യു. പി. സ്‌കൂളിന് പുതിയ ക്ലാസ്സ് മുറികൾ

post

മാടമൺ സർക്കാർ യു. പി. സ്‌കൂളിന്റെ പുതിയ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആകസ്മിക ഫണ്ടിൽ നിന്ന് 54.90 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ്സ് മുറികൾ നിർമ്മിച്ചത്.

നാടിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖലയുടെ വളർച്ച അനിവാര്യമാണെന്നും മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് മുൻഗണന നൽകി നടത്തുന്നതെന്നും എം.എൽ.എ പറഞ്ഞു.

റാന്നി മണ്ഡലത്തിൽ സർവതല സ്പർശിയായ പ്രവർത്തനങ്ങളാണ് നടപ്പാക്കി വരുന്നത്. ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി എസ് സി പരിശീലനം ഓഗസ്റ്റിൽ ആരംഭിക്കും. കുടുംബശ്രീ മുഖേന സ്ത്രീകളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള 'സ്‌കിൽ ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റ് നടപ്പാക്കുന്നതിനുള്ള നടപടി പൂർത്തിയായതായും എംഎൽ എ പറഞ്ഞു.


ചടങ്ങിൽ പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ അധ്യക്ഷനായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ കോമളം അനിരുദ്ധൻ, പെരുനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ എം. എസ് ശ്യാം, വാർഡ് അംഗം അജിതാ റാണി, സ്‌കൂൾ പ്രഥമാധ്യാപിക ലിനി ജോൺ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എസിക്യൂട്ടീവ് എഞ്ചിനീയർ വി. കെ. ജാസ്മിൻ, ജനപ്രതിനിധികൾ, അധ്യാപകർ, പി ടി എ അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.