''കര്‍ഷകര്‍ക്കൊരു കൈത്താങ്ങാകൂ, പൈനാപ്പിള്‍ വാങ്ങൂ...' പൈനാപ്പിള്‍ ചലഞ്ച് .

post

ഇടുക്കി : കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്ന പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ,അഗ്രോ സര്‍വ്വീസ് സെന്റര്‍ ഉപ്പുതറ മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍ തൊടുപുഴ,കട്ടപ്പന ഹരിത ഗ്രൂപ്പ്,അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫീസേഴ്സ് കേരള ഇടുക്കി ബ്രാഞ്ച് തുടങ്ങിയവര്‍ പൈനാപ്പിള്‍ കര്‍ഷകരുമായി ചേര്‍ന്നാണ് പൈനാപ്പിള്‍ ചലഞ്ച് ആവിഷ്‌കരിച്ചിരിക്കുന്നത്.

കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ ഇന്നലെ (9/4/20)  വൈകിട്ട് 3 മണി മുതല്‍ 5 മണി വരെ പൈനാപ്പിള്‍ ചലഞ്ച് കട്ടപ്പന നഗരസഭാ ചെയര്‍മാന്‍  ജോയി വെട്ടിക്കുഴി ,കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആശ ആന്റണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്നു. ഒരു കിലോ എ ഗ്രേഡ് പൈനാപ്പിള്‍ 20 രൂപയ്ക്കാണ് വിപണനം ചെയ്തത്. 1750 കിലോ പൈനാപ്പിളാണ് തൊടുപുഴ തൊമ്മന്‍കുത്ത് ഭാഗത്തു നിന്നും പൈനാപ്പിള്‍ ചലഞ്ചിന്റെ ആദ്യ ദിനത്തില്‍ കട്ടപ്പനയില്‍ എത്തിച്ചത്. വളരെ പെട്ടെന്നാണ് പൈനാപ്പിള്‍ വിറ്റുപോയത്. ബുക്ക് ചെയ്ത പലര്‍ക്കും അത്ര തന്നെ കൊടുക്കുവാന്‍ തികഞ്ഞില്ല. വരുന്ന ആഴ്ച്ചയും പൈനാപ്പിള്‍ ചലഞ്ച് തുടരുവാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.

പൈനാപ്പിള്‍ വിപണനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ വാഴക്കുളത്തേക്ക് തൊടുപുഴ, കോതമംഗലം,  പിറവം, കുത്താട്ടുകുളം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് പൈനാപ്പിള്‍ എത്തി ചേരുന്നത്. ദിവസവും   1200 ടണ്‍ പൈനാപ്പിളാണ് വടക്കേ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. കോവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇത് പൂര്‍ണ്ണമായും നിശ്ചലമായ അവസ്ഥയാണ്. പല കര്‍ഷകരുടെയും പൈനാപ്പിളുകള്‍ വിളവെടുക്കാനാവാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ്  കര്‍ഷകര്‍ക്ക് കൈതാങ്ങാകുവാന്‍ പൈനാപ്പിള്‍ ചലഞ്ചിന് ചുക്കാന്‍ പിടിച്ച് കൃഷി വകുപ്പ് കര്‍മ്മനിരതമായത്. പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകരെ സഹായിക്കേണ്ടത്  ഒരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമാണ് എന്നു ബോധ്യപ്പെടുത്തിയാണ് പൈനാപ്പിള്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്.100 കിലോയിലധികം പൈനാപ്പിള്‍ ബുക്ക് ചെയ്യുന്ന കട്ടപ്പന ബ്ലോക്ക് പരിധിയിലുള്ള സംഘടനകള്‍, വ്യക്തികള്‍, പഴം പച്ചക്കറി സ്ഥാപനങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ക്ക്  തൊടുപുഴയില്‍ നിന്നും കട്ടപ്പനയിലെത്തിച്ചു    നല്കുന്നതാണ് പദ്ധതിയെന്ന് കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സൂസന്‍ ബെഞ്ചമിന്‍ അറിയിച്ചു.    

ഇതോടൊപ്പം ഹൈറേഞ്ചിലെ കര്‍ഷകരുടെ പച്ചക്കറി, പഴവര്‍ഗ്ഗ ഉല്പ്പന്നങ്ങള്‍ ലോ റേഞ്ചിലേക്ക് കയറ്റി അയക്കുവാനും ലക്ഷ്യമിടുന്നു.

കട്ടപ്പന ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിപണന സൗകര്യം ആവശ്യമുള്ള കര്‍ഷകര്‍ വിളവെടുപ്പിന് പാകമാകുന്നതിന് രണ്ടാഴ്ച മുന്‍പ്. അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടാവുന്നതാണ്. ഭൂരിഭാഗവും കാര്‍ഷികവൃത്തിയില്‍ ഉപജീവനം നടത്തുന്ന കര്‍ഷകര്‍ക്ക്, എളുപ്പത്തില്‍ നശിച്ചുപോകുന്ന പൈനാപ്പിള്‍ പോലെയുള്ള   ഉല്പ്പന്നങ്ങള്‍ യഥാസമയം വിളവെടുത്ത് വിപണനം നടത്തുവാനും  ലോക്ക് ഡൗണ്‍ കാലയളവില്‍ പഴം പച്ചക്കറി ഉല്പ്പന്നങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാനും കൃഷി വകുപ്പിന്റെ പൈനാപ്പിള്‍ ചലഞ്ച് പ്രയോജന പ്രദമാകും.