വിവരാവകാശ നിയമത്തെ കുറിച്ച് ഏകദിന ശിൽപശാല സംഘടിപ്പിച്ചു

post

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഇടമലക്കുടി സന്ദർശിച്ചു

സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ നേതൃത്വത്തിൽ, ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ഇടമലക്കുടി ട്രൈബൽ എൽ.പി. സ്കൂളിൽ വിവരാവകാശ നിയമത്തെ കുറിച്ച് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ശിൽപ്പശാലയിൽ നിരവധി പേർ പങ്കെടുത്തു.

സർക്കാർ സേവനങ്ങൾ പെട്ടെന്ന് ലഭ്യമാകാൻ വിവരാവകാശ നിയമം വഴി വിവരങ്ങൾ ആവശ്യപ്പെടണമെന്ന് ചടങ്ങിൽ സംസാരിക്കവേ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എൻ. ദിലീപ്കുമാർ പറഞ്ഞു. വിവരാവകാശ നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

പൊതുജനങ്ങൾക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ശിൽപ്പശാല സഹായകമായി. പരിപാടിയുടെ ഭാഗമായി, അനിമേറ്റർമാർ, എസ്.എസ്.ടി പ്രൊമോട്ടർമാർ, ആർ.പി മാർ എന്നിവരെ ചേർത്ത് വിവരാവകാശ നിയമത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി ഒരു പ്രത്യേക സമിതി രൂപീകരിച്ചു. ഈ സമിതിക്ക് ഘട്ടം ഘട്ടമായി പരിശീലനങ്ങൾ നൽകാനും തീരുമാനിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ സ്വാഗതം ആശംസിച്ച ചടങ്ങിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.