നിക്ഷേപ സമാഹരണ യജ്ഞം; ജില്ലാ പുരസ്കാരങ്ങൾ വിതരണം ചെയ്തു

എന്റെ കേരളം പ്രദർശന മേളയിൽ നടന്ന സഹകരണ വകുപ്പിന്റെ 'നിക്ഷേപ സമാഹരണ യജ്ഞം 2025' ജില്ലാതല പുരസ്കാര വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച കോഴഞ്ചേരി താലൂക്കിനുള്ള പുരസ്കാരം ചെയർമാൻ നൽകി.
പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്കുള്ള ഒന്നു മുതൽ മൂന്നുവരെയുള്ള പുരസ്കാരങ്ങൾ യഥാക്രമം വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക് , കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്ക് , മുണ്ടിയപ്പള്ളി സർവീസ് സഹകരണ ബാങ്ക് എന്നിവ കരസ്ഥമാക്കി. എംപ്ലോയീസ് സഹകരണ സംഘങ്ങളിൽ പത്തനംതിട്ട സർക്കാർ എംപ്ലോയീസ് സഹകരണസംഘം , അടൂർ സർക്കാർ എംപ്ലോയീസ് സഹകരണസംഘം, കുളനട സർക്കാർ എംപ്ലോയീസ് സഹകരണസംഘവും പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകളിൽ കോന്നി പിസിഎആർഡിബി , റാന്നി പിസിഎആർഡിബി , മല്ലപ്പള്ളി പിസിഎആർഡിബിയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇതര സഹകരണ സംഘങ്ങളിൽ പുതുമല കാർഷിക വികസന കർഷക സാമൂഹ്യ ക്ഷേമ സഹകരണ സംഘം ഒന്നാം സ്ഥാനം നേടി. മല്ലപ്പള്ളി താലൂക്ക് മർച്ചന്റ്സ് സഹകരണ സംഘം രണ്ടും പത്തനംതിട്ട എക്സ് സർവീസ്മെൻ സഹകരണ സംഘം മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാർ പി കെ അജിത കുമാരി അധ്യക്ഷയായി. അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) ഡി ശ്യംകുമാർ, വിവിധ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.