പോലീസിന്റെ ഡ്രോണ്‍ സംവിധാനം ജില്ലയില്‍ ശക്തം

post

പത്തനംതിട്ട : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ മറികടന്നു പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഡ്രോണ്‍ സംവിധാനം ജില്ലയില്‍ ശക്തം. ഡ്രോണ്‍ നിരീക്ഷണത്തിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ ജില്ലയിലെ മറ്റുള്ള സ്ഥലങ്ങളേക്കാള്‍ അധികം ആളുകള്‍ പുറത്തിറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. മല്ലപ്പള്ളിയില്‍ രണ്ട് ദിവസമായി തുടര്‍ന്നു വരുന്ന ഡ്രോണ്‍ സംവിധാനം വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നമ്മള്‍ വളരെ ശ്രദ്ധിക്കേണ്ട സമയങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഓരോ വ്യക്തിയും സ്വയം കരുതേണ്ടതിന്റെ ആവശ്യം കൂടുതലാണ്. പത്തനംതിട്ട ജില്ലയില്‍ ജനങ്ങള്‍ നല്ലരീതിയില്‍ പോലീസുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിന്റെ ഉദേശ്യം മനസിലാക്കി മല്ലപ്പള്ളിയിലെ ജനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് മല്ലപ്പള്ളി എസ്.ഐ: ബി.സ് ആദര്‍ശ് പറഞ്ഞു. കോവിഡ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കുക മാത്രമാണ് പോംവഴി. ജനങ്ങള്‍ ധാരാളമായി പുറത്തിറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തും. മല്ലപ്പള്ളി, നെടുങ്ങാടപ്പള്ളി എന്നിവിടങ്ങളില്‍ ഡ്രോണ്‍ സംവിധാനം ശക്തമാക്കിയിട്ടുണ്ട്.