കമ്യൂണിറ്റി കിച്ചണുകളില്‍ ജില്ലാ കളക്ടര്‍ പരിശോധന നടത്തി

post

പത്തനംതിട്ട : നഗരസഭാ കമ്യൂണിറ്റി കിച്ചണുകള്‍ക്കെതിരെ അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് ആക്ഷേപങ്ങളെതുടര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നഗരസഭയിലെ കമ്യൂണിറ്റി കിച്ചണുകളില്‍ പരിശോധന നടത്തി. പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, പത്തനംതിട്ട ഇടത്താവളം എന്നിവടങ്ങളിലെ കമ്മ്യുണിറ്റി കിച്ചണുകളിലാണ് പരിശോധിച്ചത്. 

32 വാര്‍ഡുകളിലും അടിയന്തരമായി മോണിറ്ററിംഗ് കമ്മറ്റി കൂടുവാനും കമ്മറ്റി അംഗീകരിച്ച ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് നാളെ(ഏപ്രില്‍ 8) സമര്‍പ്പിക്കുവാനും ജില്ലാ കളക്ടര്‍ മുന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദ്ദേശംനല്‍കി. ലിസ്റ്റ് പ്രകാരം അവശ്യക്കാര്‍ക്കു ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വിവിധ ഗ്രൂപ്പുകളും സംഘടനകളും നഗരസഭാ പരിധിയില്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ എല്ലാവരുമായുള്ള ഏകോപനക്കുറവുണ്ടായിട്ടുണ്ട്. പാസില്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.  

പത്തനംതിട്ട നഗരസഭാ അധ്യക്ഷ റോസ്ലിന്‍ സന്തോഷ്, നഗരസഭാ സെക്രട്ടറി എ.എം മുംതാസ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, എന്‍എച്ച്എം ഡി.പി.എം ഡോ.എബി.സുഷന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു തുടങ്ങിയവര്‍ പങ്കെടുത്തു.