കോവിഡ് 19: മാതൃകയായി എറണാകുളം മോഡല്‍ WISK

post

എറണാകുളം : കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിള്‍ ശേഖരണം ജില്ലയില്‍ വിപുലമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ പേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായാലും, സാമൂഹ്യ വ്യാപനം ഉണ്ടായാലും സാമ്പിള്‍ ശേഖരണം വര്‍ദ്ധിച്ച തോതില്‍ നടത്തേണ്ടതുണ്ട്. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡുകളുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജ്, മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും സാമ്പിള്‍ ശേഖരണ സംവിധാനങ്ങളുള്ള ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും, സാമ്പിള്‍ ശേഖരണത്തിന് അനുവാദമുള്ള ഏതാനും സ്വകാര്യ ആശുപത്രികളിലുമാണ് സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.

സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള വ്യക്തികളെ പ്രത്യേക വാഹനങ്ങളില്‍ ആശുപത്രികളില്‍ എത്തിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നത്. സാമ്പിള്‍ ശേഖരിക്കുന്ന ട്രിയാഷില്‍(TRIAGE) ആശുപത്രി ജീവനക്കാര്‍ PPE (പേര്‍സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ്) ധരിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നതും. ഏതാണ്ട് ആയിരം രൂപയോളം വരുന്ന ഈ സുരക്ഷാ ആവരണങ്ങള്‍ ഒരിക്കല്‍ മാത്രമേ ഉപയോഗിക്കുവാനും കഴിയൂ. ഈ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും കൂടിയാണ് വാക്ക് ഇന്‍ കോവിഡ് കിയോസ്‌ക്കിന് രൂപം നല്‍കിയത്. ഇത് ഉപയോഗിച്ച് സാമ്പിള്‍ ശേഖരിക്കുവാന്‍ രോഗി / രോഗബാധ സംശയിക്കപ്പെടുന്ന ആളുകള്‍ ആശുപത്രിയില്‍ വരേണ്ടി വരികയില്ല.

ഏതെങ്കിലും പ്രദേശത്ത് കോവിഡ് കിയോസ്‌ക്ക് താല്‍ക്കാലികമായി സ്ഥാപിച്ച് വലിയ തോതില്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ സാധിക്കും. സാമ്പിള്‍ ശേഖരിക്കുവാന്‍ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ PPE കിറ്റുകള്‍ ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാമ്പിള്‍ ശേഖരണം സാധ്യമാക്കുന്ന ഈ സംവിധാനം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് എറണാകുളം ജില്ലയില്‍ ആണെന്നുള്ളത് അഭിമാനാര്‍ഹമായ നേട്ടമാണ്.

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ. ഡോ. ഗണേഷ് മോഹന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറുമായ ഡോ. വിവേക് കുമാര്‍, ആര്‍ദ്രം ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, മെഡിക്കല്‍ കോളേജ് എ.ആര്‍.എം.ഒ ഡോ. മനോജ് എന്നിവരാണ് WISK രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആശയത്തെ കുറിച്ച് അറിഞ്ഞ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.കെ.ഷാജഹാന്‍ ആശയം പ്രാവര്‍ത്തികമാക്കാന്‍ സഹായ ഹസ്തവുമായി മുന്നോട്ട് വരികയും വിശദമായ രൂപരേഖ സമര്‍പ്പിക്കുകയും ചെയ്തു.തുടര്‍ന്ന് രണ്ട് യൂണിറ്റുകള്‍ സൗജന്യമായി നിര്‍മിച്ചു കൈമാറുകയും ചെയ്തു. ദക്ഷിണ കൊറിയയില്‍ സാമ്പിള്‍ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്.

എട്ട് ഘട്ടങ്ങളുള്ള ഒരു സാമ്പിള്‍ ശേഖരണത്തിന് രണ്ട് മിനിറ്റ് സമയം മാത്രമാണ് ശരാശരി എടുക്കുക എന്നതിനാല്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കുവാന്‍ ഇത് പ്രയോജനപ്പെടും.നിലവില്‍ ചെയ്യുന്ന പി.സി.ആര്‍ ടെസ്റ്റിന്റെ സാമ്പിള്‍ ശേഖരണവും, ഉടനെ ആരംഭിക്കുവാന്‍ പോകുന്ന റാപിഡ് ടെസ്റ്റും WISK വഴി ചെയ്യുവാനാകും. മാഗ്‌നെറ്റിക്ക് വാതില്‍, എക്സോസ്റ്റ് ഫാന്‍, അള്‍ട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഒരു കിയോസ്‌കിന് ഏകദേശം നാല്‍പതിനായിരം രൂപയാണ് നിര്‍മാണ ചിലവ് വന്നത്.കൊറോണ പ്രതിരോധപ്രവത്തനങ്ങള്‍ക്കു ഇനിയും തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കാന്‍ ജില്ലാ ഭരണകൂടം ആഗ്രഹിക്കുന്നു. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ WISK സ്ഥാപിക്കുവാന്‍ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.