ആരോഗ്യവകുപ്പിലെ ഡ്രൈവര്‍മാരും വര്‍ക്ക്ഷോപ്പ് ചുമതലക്കാരും നിതാന്ത ജാഗ്രതയില്‍

post

പത്തനംതിട്ട : കോവിഡ് ഒന്നു വിട്ടകലണേ...അവരും ഉള്ളുരുകി പ്രാര്‍ത്ഥിച്ച് നിതാന്ത ജാഗ്രതയിലാണ്... ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ സ്തുത്യര്‍ഹമായ സേവനത്തിനു കൈത്താങ്ങായി മാറുകയാണു ഡ്രൈവര്‍മാരും ആരോഗ്യവകുപ്പ് വര്‍ക്ക്ഷോപ്പ് ചുമതലക്കാരും. രാവും പകലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ തണലായി ഓരോ വിളികള്‍ക്കും കാതോര്‍ത്ത് കോവിഡിനെ തുരത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവരും പങ്കാളികളാണ്. ഉദ്യോഗസ്ഥരെ കൃത്യസമയത്ത് ഡ്യൂട്ടി സംബന്ധമായി യഥാസ്ഥാനങ്ങളില്‍ കൊണ്ടെത്തിക്കണം. സ്ര്കീനിംഗ്, അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കല്‍, രോഗികളെ ആംബുലന്‍സില്‍ എത്തിക്കുക, സ്രവങ്ങള്‍ കൊണ്ടുപോകുക തുടങ്ങി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിശ്രമമില്ലാത്ത ജോലികളില്‍ ഇമ ചിമ്മാതെ ഇവര്‍ കൂടെയുണ്ട്. ജോലി ചെയ്യുന്നതിന് ആര്‍ക്കും ഒരു മടിയുമില്ല. 

മിക്ക ഡ്രൈവര്‍മാരും അടുത്ത ജില്ലകളില്‍ നിന്നുള്ളവരാണ്. കൊറോണയുടെ തുടക്കം മുതല്‍ ജോലിചെയ്യുന്ന ഇവര്‍ വീടുകളിലേക്കു പോകാറില്ല. ജില്ലയില്‍ ആരോഗ്യവകുപ്പിന് 85 ഡൈവര്‍മാരാണുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസിന്  10 വാഹനങ്ങളും ഡ്രൈവര്‍മാരുമാണുള്ളത്. ജില്ലയിലെ ആരോഗ്യവകുപ്പ് ഡ്രൈവര്‍മാരുടെയും മൈലപ്ര പഞ്ചായത്തിലെ മേക്കൊഴൂരില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യമേഖല വര്‍ക്ക്ഷോപ്പിന്റെയും ജീവനക്കാരുടെയും ചുമതല വഹിക്കുന്നത് ഫോര്‍മാനാണ്. മേക്കൊഴൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള സ്ഥലത്താണു താല്‍കാലികമായി ആരോഗ്യവകുപ്പിന്റെ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കുന്നത്.ഇവിടെ ഷെഡോ മറ്റു സംവിധാനങ്ങളോ ഒന്നും ഇല്ലാതെയാണ് രണ്ടു മെക്കാനിക്കുകളും ഒരു ഇലക്ട്ട്രീഷനും ജോലി ചെയ്യുന്നത്.എങ്കിലും മഴയും വെയിലും ഒന്നും നോക്കാതെ ജോലി ചെയ്യുന്ന അവര്‍ സംതൃപ്തരാണ്. ആരോഗ്യവകുപ്പിന്റെ തകരാറിലാകുന്ന വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഇവിടെ ശബരിമല സീസണില്‍ മറ്റു  സ്ഥലങ്ങളില്‍ നിന്നെത്തിയ ആംബുലന്‍സുകളും ശരിയാക്കി നല്‍കിയിട്ടുണ്ട്. കൂടാതെ റിക്കവറി വാഹനങ്ങളുടെ തകരാറും പരിഹരിക്കുന്നുണ്ട്.