തൊഴിലുറപ്പില്‍ പറക്കോട് ബ്ലോക്ക് ജില്ലയില്‍ മുന്നില്‍

post

പത്തനംതിട്ട : പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 11.9 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് മഹാത്മാഗാന്ധി ദേശീയ  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഒന്നാമതെത്തി. 16,862 കുടുംബങ്ങള്‍ക്കു തൊഴില്‍ നല്‍കി. 3996 കുടുംബങ്ങള്‍ക്ക് 100 ദിവസവും ഒരു കുടുംബത്തിന് ശരാശരി 65.82 തൊഴില്‍ദിനങ്ങളും നല്‍കിയാണു പറക്കോട് ബ്ലോക്ക് ജില്ലയില്‍ ഒന്നാമതെത്തിയത്. 

പളളിക്കല്‍ ഗ്രാമപഞ്ചായത്ത് 1.98 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ബ്ലോക്കില്‍ മുന്നിലെത്തി. 1001 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍നല്‍കിയ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഒരു കുടുംബത്തിനു ശരാശരി 78.73 തൊഴില്‍ ദിനങ്ങള്‍നല്‍കി മുന്നിലായി. 923 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍നല്‍കി കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാമതെത്തി.

46.09 കോടി രൂപ ചെലവഴിച്ചു തുക ചെലവഴിക്കുന്നതിലും ബ്ലോക്ക് പഞ്ചായത്ത് മുന്നിലാണ്. പളളിക്കല്‍ ഗ്രാമ പഞ്ചായത്ത് 8.46 കോടി രൂപയും കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് 8.17 കോടി രൂപയും ഏഴംകുളം ഗ്രാമ പഞ്ചായത്ത് 7.17 കോടി രൂപയും ചെലവഴിച്ച് മുന്നിലായി.

സാധനസാമഗ്രി ചെലവില്‍ മുന്‍ സാമ്പത്തികവര്‍ഷം ചെലവിന്റെ ആറു ശതമാനമായിരുന്നത് 33.7 ശതമാനമായി ഉയര്‍ന്നു. കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് തുടങ്ങിയ വ്യക്തിഗത ആസ്തികള്‍ സൃഷ്ടിക്കുന്നതിനാണ് ഈ ഇനത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചത്.

കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് എന്നീ ജീവനോപാദി അടിസ്ഥാന സൗകര്യങ്ങല്‍ 439 കുടുംബങ്ങള്‍ക്കു നല്‍കി. 90 കുടുംബങ്ങള്‍ക്ക് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തും 87 കുടുംബങ്ങള്‍ക്ക് ഏനാദിമംഗലം ഗ്രാമപഞ്ചായത്തും 70 കുടുംബങ്ങള്‍ക്കു പളളിക്കല്‍ ഗ്രാമപഞ്ചായത്തും സഹായംനല്‍കി മുന്നിലെത്തി. ജലസംരക്ഷണത്തിനായി 315 കിണറുകള്‍, 60 കുളങ്ങള്‍ എന്നിവ നിര്‍മ്മിച്ചു. 31 സോക്ക്പിറ്റ്, 12 കമ്പോസ്റ്റുകള്‍ എന്നിവ നിര്‍മിച്ച് ശുചിത്വ സംവിധാനങ്ങളും ഒരുക്കി. കളി സ്ഥലങ്ങള്‍, അങ്കണവാടികള്‍, ഗ്രൂപ്പ് സംരംഭങ്ങള്‍ക്കു വര്‍ക്ക്ഷെഡുകള്‍, ഗ്രാമീണ ചന്ത, വിവിധ തരം റോഡുകള്‍ എന്നിവ പൊതുആസ്തികളായി സൃഷ്ടിച്ചിട്ടുണ്ട്.