നോർക്ക എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാർച്ച് 20 ന് തൊടുപുഴയിൽ; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

post

ഇടുക്കി ജില്ലയിലെ പ്രവാസിസംരംഭകർക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 മാർച്ച് 20 ന് തൊടുപുഴയിൽ (വേദി: മുൻസിപ്പൽ സിൽവർ ജൂബിലി ടൗൺ ഹാൾ, ഗാന്ധി സ്ക്വയറിനു സമീപം) സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവാ എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം.

താൽപര്യമുള്ളവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വർഷം) എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.