കായികനിധി പദ്ധതി: ആദ്യ ധനസഹായം ജില്ലാ കളക്ടര്‍ക്ക് കൈമാറി

ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കായികനിധി പദ്ധതിയില്‍ ലഭിച്ച ആദ്യ ധനസഹായം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ.ദിനേശന് ചെറുവാട്ടിന് കൈമാറി. സഹോദരങ്ങളായ ഒളിമ്പ്യന്‍ കെ.എം.ബിനു, ഒളിമ്പ്യന്‍ കെ.എം.ബീനാമോള്‍ എന്നിവരാണ് ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കായികനിധിയിലേക്ക് ധനസഹായം നല്‍കിയത്. 60,000 രൂപയാണ് ഇവര്‍ നല്‍കുന്നത്. അതിന്റെ ആദ്യഗഡുവായ 20,000 രൂപയുടെ ചെക്ക് ആണ് കെ.എം.ബിനു കളക്ടറേറ്റിലെത്തി കളക്ടര്‍ക്ക് കൈമാറിയത്.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, കൗണ്‍സില്‍ അംഗങ്ങളായ അനസ് ഇബ്രാഹിം, റ്റി.എം. ജോണ്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷാജിമോന്‍ പി.എ എന്നിവരുടെ സാന്നിധ്യത്തിലാണ് ധനസഹായം നല്‍കിയത്.
സംസ്ഥാനത്ത് ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലാണ് ആദ്യമായി കായികനിധി രൂപീകരിച്ചത്. കായികരംഗത്തെ അടിസ്ഥാനസൗകര്യവികസനം, അവശ കായികതാരങ്ങള്‍ക്കുള്ള സാമ്പത്തികസഹായം, ചികിത്സാ ധനസഹായം, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കായികതാരങ്ങളെ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനുളള ധനസഹായം, കായികരംഗവുമായി ബന്ധപ്പെട്ട് മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്ക് തുക വിനിയോഗിക്കല്‍ എന്നീ ലക്ഷ്യത്തോടെയാണ് കായികനിധി രൂപികരിച്ചിരിക്കുന്നത്. കായിക പ്രേമികള്‍, കായികരംഗത്തെ അദ്യൂദയാകാംക്ഷികള്, നല്ല നിലയിലുളള കായികതാരങ്ങള്‍, കായികസംഘടനകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ബാങ്കുകള്‍, തദ്ദേശസ്വയഭരണസ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയ വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് സംഭാവനയിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയുമാണ് 'കായികനിധി' യിലേയ്ക്ക് തുക കണ്ടെത്തുന്നതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.
കായിക നിധിയിലേക്ക് സംഭാവന നല്കുവാന് ആഗ്രഹിക്കുന്നവര്‍ A/C NO-44327097981, IFSC-SBIN0070027,BRANCH-SBI PAINAVU എന്ന കായികനിധി അക്കൗണ്ടിലേക്ക് സംഭാവന നല്‍കാവുന്നതാണെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9446027681.