ലഹരി വിരുദ്ധ നടപടികള്‍ കടുപ്പിച്ച് ജില്ലാ പഞ്ചായത്ത്
 
                                                ഇടുക്കി ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി ജില്ലാ പഞ്ചായത്ത്. എക്‌സൈസ്, വിദ്യാഭ്യാസം, പൊലീസ്, ആരോഗ്യം, സാമൂഹ്യനീതി തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചും സ്‌കൂള്‍, കോളേജ് തലത്തിലും പഞ്ചായത്ത് വാര്‍ഡ് തലത്തിലും ജാഗ്രത സമതികള്‍ സജീവമാക്കിയും വിപുലമായ ലഹരി വിരുദ്ധ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 2025-26 വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തി. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുമായി പ്രഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറാണാക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ജി സത്യന്‍, ജില്ല പഞ്ചായത്തംഗം ഷൈനി സജി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ് സുരേഷ്, ഉദ്യോഗസ്ഥരായ സജി കെ. ജോസഫ്, ജില്ല പഞ്ചായത്ത് സെക്രട്ടറി സജീവ് പി.കെ., ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ വി. എ. ഷംനാദ് തുടങ്ങിയവര്‍ പങ്കെടുത്തു.










