ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍

post

പത്തനംതിട്ട : കോവിഡ് 19 വ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലാ സ്പോര്‍ട് കൗണ്‍സിലും.  ജില്ലാ ഭരണകൂടം, പോലീസ് എന്നിങ്ങനെ ആവശ്യം കൂടുതലായുള്ളിടങ്ങളില്‍ വോളന്റിയേഴ്സിന്റെ സേവനം ലഭ്യമാക്കാനാണു തീരുമാനമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു. പോലീസിനെ സഹായിക്കുന്നതിനായി വോളന്റിയേഴ്സിനെ വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച്  ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന് കത്ത് നല്‍കിയതായും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പറഞ്ഞു. രണ്ടു ദിവസമായി കളക്ടറേറ്റില്‍ ഭക്ഷണകിറ്റുകള്‍ ഒരുക്കുന്നതിലും സ്പോര്‍ട്സ് കൗണ്‍സില്‍ വോളന്റിയേഴ്സും പങ്കാളികളാകുന്നുണ്ട്.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, അലഞ്ഞുതിരിഞ്ഞുനടക്കുന്നവര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് 200 ഭക്ഷണപൊതിവീതം എത്തിച്ചുനല്‍കുന്നുണ്ട് ഇവര്‍. രാവുംപകലും സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇളനീര്‍ നല്‍കുന്നുമുണ്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍. ഇതിനുള്ള ഫണ്ട് ഇവര്‍ കണ്ടെത്തുന്നത് സ്പോര്‍ട്സുമായി ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നാണ്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍ദേശപ്രകാരമാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.