എരഞ്ഞോളി മത്സ്യ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

ചെമ്മീന്‍ ഉല്‍പാദനത്തില്‍ കേരളത്തിന് അനന്തസാധ്യതയെന്ന് സ്പീക്കര്‍ അഡ്വ എ.എന്‍ ഷംസീര്‍
ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള (അഡാക്ക്) എരഞ്ഞോളി ഫിഷ് ഫാമില്‍ പുതുതായി പണിത മത്സ്യ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും വനാമി ചെമ്മീന്‍ കൃഷിയുടെ ആദ്യ വിളവെടുപ്പും നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ അധ്യക്ഷയായി.ചെമ്മീന്‍ ഉല്‍പാദനത്തില്‍ കേരളത്തിന് അനന്തസാധ്യതകളുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
എരഞ്ഞോളി പഞ്ചായത്തിലെ അഡാക്കിന്റെ 9.07 ഹെക്ടര്‍ ജലവിസ്തൃതിയുള്ള ഫിഷ് ഫാമിലെ വനാമി ചെമ്മീന്‍ കൃഷിയുടെ ആദ്യ വിളവെടുപ്പാണ് നടന്നത്. 2024 ഡിസംബറിലാണ് 1.4 ഹെക്ടര്‍ വിസ്തൃതിയുള്ള 'ഡി' കുളത്തില്‍ മൂന്ന് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ചെമ്മീന്‍ കൃഷി ആരംഭിച്ചത്. ഫാമിലെ ആറ് കുളങ്ങളിലായി പൂമീന്‍, തിരുത, കാളാഞ്ചി, കരിമീന്‍ തുടങ്ങിയവ ഉല്‍പാദിപ്പിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ശാസ്ത്രീയമായ രീതിയില്‍ വനാമി ചെമ്മീന്‍ കൃഷി ചെയ്യുന്നത്. ഏഴ് ടണ്‍ ചെമ്മീന്‍ ഉല്‍പാദനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഫാമിലെ മറ്റ് രണ്ട് കുളങ്ങളിലേക്കും വനാമി ചെമ്മീന്‍ കൃഷി വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. തദ്ദേശീയരായ ജനങ്ങള്‍ക്ക് വിഷരഹിതവും ഗുണമേന്മയുള്ളതുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2012-ലാണ് എരഞ്ഞോളി ഫിഷ് ഫാം നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. മത്സ്യ ഉല്‍പാദനത്തോടൊപ്പം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ മത്സ്യ കര്‍ഷകര്‍ക്ക് ആവശ്യമായ കരിമീന്‍, പുമീന്‍ വിത്തുകളും ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്. മത്സ്യ വിപണന കേന്ദ്രത്തില്‍ എല്ലാ ദിവസവും മത്സ്യവില്‍പന ഉണ്ടായിരിക്കുന്നതാണ്.
മികച്ച കയറ്റുമതി സാധ്യതയുള്ള ചെമ്മീന്‍ കൃഷി കേരളത്തില്‍ വിപൂലീകരിക്കണമെന്ന് സ്പീക്കർ പറഞ്ഞു. ജില്ലയിലെ വടക്കുമ്പാട് കാളിയില്‍ ഇത്തരമൊരു സംരംഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ചെമ്മീന്‍ ഉല്‍പാദനം ആന്ധ്രപോലുള്ള സംസ്ഥാനങ്ങള്‍ കൈയ്യടക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് എരഞ്ഞോളിയിലെ മത്സ്യവിണനകേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. ഭാവിയില്‍ ഫ്‌ലോട്ടിങ് റെസ്റ്റോറന്റ് ഉള്‍പ്പെടെ എരഞ്ഞോളി ഫിഷ് ഫാമില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വിജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. ആര്‍.എല്‍. സംഗീത, പഞ്ചായത്ത് അംഗങ്ങളായ സുശീല്‍ ചന്ദ്രോത്ത്, എം ബാലന്‍, അഡാക്ക് റീജിയണല്‍ എക്‌സിക്യൂട്ടിവ് എം ചിത്ര, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ജുഗ്‌നു, ഫാം ടെക്‌നീഷ്യന്‍ എം.പി അശ്വതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.