ഡ്രൈവിംഗ് സ്കൂൾ, ടൂറിസ്റ്റ് ഹബ്ബ്; വിതുര കെ. എസ്.ആർ.ടി.സിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

post

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഇതുവരെ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭം : മന്ത്രി കെ. ബി ഗണേഷ് കുമാർ

ഡ്രൈവിംഗ് സ്കൂൾ, ടൂറിസ്റ്റ് ഹബ്ബ് ഉൾപ്പെടെ വിതുര കെ. എസ്. ആർ. ടി. സിയുടെ  വിവിധ പദ്ധതികൾ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ.  ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് ഉന്നതനിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂൾ, പൊൻമുടിയിലേക്കെ‌ത്തുന്ന വിനോദ സഞ്ചാരികൾക്ക് സുഖകരവും ആനന്ദകരവുമായ യാത്രപ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ   "ടൂറിസം ഹബ്ബ്, സ്‌കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന ഹ്രസ്വകാല ട്രാഫിക്ക് കോഴ്‌സ് ആയ 'റോഡിലെ നല്ല പാഠങ്ങൾ' തുടങ്ങിയ പദ്ധതികളാണ്  മന്ത്രി ഉദ്ഘാടനം ചെയ്തത്.  കൂടാതെ വിതുര ഡിപ്പോയിൽ നിന്നുള്ള പുതിയ ഐസർ വിതുര- ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് സർവീസും മന്ത്രി ഫ്ലാഗ് ഓഫ്‌ ചെയ്തു. 


മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി  കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി  ആറു മാസം പിന്നിടുമ്പോൾ  27,86,522 ലക്ഷം  രൂപയുടെ ലാഭം നേടിയെന്ന്  മന്ത്രി പറഞ്ഞു. ഇതുവരെ 661 പേർ ഡ്രൈവിംഗ് പഠനത്തിന് ചേർന്നു. കെ.എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്കൂളിൽ പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾ സധൈര്യം സ്വന്തം വണ്ടി ഓടിച്ചു പോകും എന്ന വാക്കു പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്.

എല്ലാ കെഎസ്ആർടിസി ബസുകളിലും അകത്തും പുറത്തും ക്യാമറ ഘടിപ്പിക്കും. യാത്രക്കാർ കൈ കാണിച്ചിട്ട് ബസ് നിർത്താതെ പോയാൽ  നടപടി എടുക്കും.  സാധാരണക്കാർ ആശ്രയിക്കുന്ന സൂപ്പർഫാസ്റ്റ് ബസുകൾ എ. സിയാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് ട്രയലിന് നൽകുകയാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഒരുമാസം അഞ്ചു ഡിപ്പോകളിൽ ചെക്കപ്പുകൾ നടത്തും.കെഎസ്ആർടിസിയുടെ നഷ്ടം കുറച്ചു കൊണ്ടുവരാൻ കഴിയുന്നു  എന്നത്  മികച്ച നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ജി.സ്റ്റീഫൻ എം.എൽ.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡ്രൈവിംഗ് സ്കൂളിന് പുതിയ സ്വന്തം കെട്ടിടം നിർമ്മിക്കാൻ  എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായി എം. എൽ.എ  പറഞ്ഞു. വിതുര സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ഡയറി മന്ത്രി കെ. ബി ഗണേഷ് കുമാർ പ്രകാശനം ചെയ്തു. 

 വിതുര കെ.എസ് ആർ.ടി.സി ഡിപ്പോയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിതുര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്ജുഷ ആനന്ദ്, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ പി.എസ്.പ്രമോജ് ശങ്കർ , റോഡ് സേഫ്റ്റി കമ്മീഷണർ നിതിൻ അഗ്രവാൾ, ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം എന്നിവർ പങ്കെടുത്തു.