ബ്രഹ്മപുരത്ത് സി.ബി.ജി പ്ലാന്റ് മാർച്ച് അവസാനത്തോടെ യാഥാർത്ഥ്യമാകും

post

ബ്രഹ്മപുരത്ത് സി.ബി.ജി (കംപ്രസ്ഡ് ബയോ ഗ്യാസ്) പ്ലാന്റ് മാർച്ച് അവസാനത്തോടെ യാഥാർത്ഥ്യമാകും. ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രം സന്ദർശിച്ച ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇക്കാര്യം അറിയിച്ചത്.

റെക്കോർഡ് വേഗത്തിലാണ് ബി.പി.സി.എല്ലിന്റെ നേതൃത്വത്തിൽ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. പ്രതിദിനം 150 ടൺ മാലിന്യം സംസ്കരിച്ച് 15 ടൺ ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഇത്. പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ഗ്യാസ് പൈപ്പ് ലൈനിലൂടെ റിഫൈനറിയിൽ എത്തിച്ച് ഉപയോഗിക്കും.

കൊച്ചിയിലെ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനൊപ്പം തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പ്ലാന്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ബി.പി.സി.എൽ തന്നെയാണ് നിർമ്മാണത്തിന് നേതൃത്വം നൽകുക. കൂടാതെ കണ്ണൂർ, കൊല്ലം, ചങ്ങനാശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ചർച്ചകൾ പുരോഗമിക്കുകയാണ്.

ബ്രഹ്മപുരം അപകടത്തെ മാലിന്യമുക്ത നവകേരള സൃഷ്ടിക്കുള്ള അവസരമായാണ് സർക്കാർ കണ്ടത്. മാലിന്യമുക്ത കേരളം യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. 2023 ലെ അപകട ശേഷം ബ്രഹ്മപുരത്തെ ഒരു പൂങ്കാവനമാക്കി മാറ്റും എന്ന് ഉറപ്പു നൽകിയിരുന്നു. അന്നതിനെ പരിഹസിച്ചവർ ഉണ്ട്. എന്നാൽ കൊച്ചിക്ക് സർക്കാർ നൽകിയ വാക്ക് പാലിക്കുകയാണ്.

ബ്രഹ്മപുരത്തെ മാലിന്യമലകൾ ഓരോന്നായി ഇല്ലാതാവുകയാണ്. ബ്രഹ്മപുരത്ത് പതിറ്റാണ്ടുകളായി കുന്നുകൂടിക്കിടന്ന മാലിന്യമാണ് ബയോ മൈനിംഗിലൂടെ നീക്കം ചെയ്യുന്നത്. ബയോമൈനിംഗ് 75% പൂ൪ത്തിയായി. ആകെ കണക്കാക്കിയ 8,43,000 മെട്രിക് ടൺ മാലിന്യത്തിൽ 6,08,325 ടൺ മാലിന്യം ബയോ മൈനിംഗിലൂടെ നീക്കി. ഇങ്ങനെ 18 ഏക്കർ സ്ഥലം വീണ്ടെടുക്കാനും കഴിഞ്ഞു. ആകെയുള്ള 39 ഏക്കർ സ്ഥലത്തിന്റെ 46 % മാണിത്. മാലിന്യം നീക്കം ചെയ്ത പ്രദേശത്താണ് സി.ബി.ജി പ്ലാന്റ് ഒരുങ്ങുന്നതും.

സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം കേരള ഖര മാലിന്യ പരിപാലന പദ്ധതിയും ശുചിത്വമിഷനും ചേർന്ന് തയ്യാറാക്കിയ 706.55 കോടിയുടെ പദ്ധതിക്ക് കൊച്ചി കോർപറേഷൻ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ബയോമൈനിംഗിലൂടെ വീണ്ടെടുത്ത പ്രദേശത്താകും മാസ്റ്റർ പ്ലാ൯ നടപ്പാക്കുക. ആ൪ഡിഎഫ് പ്ലാന്റ്, മാലിന്യ ഊ൪ജോത്പാദന പ്ലാന്റ്, വി൯ഡ്കോ കമ്പോസ്റ്റ് പ്ലാന്റ്, കെട്ടിട നി൪മ്മാണ പൊളിക്കൽ മാലിന്യ പുനരുപയോഗ പ്ലാന്റ്, വിജ്ഞാന കേന്ദ്രം, വെയ്ബ്രിഡ്ജും സുരക്ഷാ പ്ലാനുകളും സമഗ്ര വാഹന പരിപാലന സൗകര്യം, ഉൾഭാഗത്തെ റോഡുകൾ, പെരിഫറൽ/റിങ് റോഡ്, ഗ്രീ൯ ബെൽറ്റ്, പൊതു സൗകര്യങ്ങൾ, വിശ്രമമുറി, പൊതു വിനോദ സ്ഥലം, തെരുവുവിളക്കും വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളും, ഒച്ച് ടാങ്ക് ഉപയോഗിച്ചുള്ള ജലവിതരണം, മാലിന്യ സംസ്കരണ പ്ലാന്റും ലീച്ചേറ്റ് സംസ്കരണ പ്ലാന്റും, സോളാ൪ പ്ലാന്റ് തുടങ്ങിയവയാണ് മാസ്റ്റ൪ പ്ലാനിലെ നി൪ദിഷ്ട പദ്ധതികൾ. മാസ്റ്റർ പ്ലാൻ പരിശോധിച്ച് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ബ്രഹ്മപുരത്ത് മാത്രമല്ല മാലിന്യക്കൂനകൾ ഇല്ലാതാവുന്നത്, കേരളമാകെ ഇത്തരമൊരു വലിയ കാമ്പയിന്റെ ഭാഗമാവുകയാണ്. കൊച്ചിയിലെ ബ്രഹ്മപുരം, തൃശൂരിലെ ലാലൂർ, കോഴിക്കോടെ ഞെളിയൻപറമ്പ്, കൊല്ലത്തെ കുരീപ്പുഴ ചണ്ടിഡിപ്പോ, ഗുരുവായൂരിലെ ശവക്കോട്ട തുടങ്ങി മാലിന്യക്കൂനകളായി അറിയപ്പെട്ടിരുന്ന സ്ഥലങ്ങൾക്ക് പുതിയ മുഖം നൽകാൻ സർക്കാരിന് കഴിഞ്ഞു. കേരളത്തിലെ 59 മാലിന്യക്കൂനകളിൽ 24ഉം പൂർണമായി വൃത്തിയാക്കി ആ സ്ഥലം വീണ്ടെടുക്കാൻ കഴിഞ്ഞു. ബ്രഹ്മപുരം ഉൾപ്പെടെ 10 സ്ഥലങ്ങളിൽ ഈ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. 25 സ്ഥലങ്ങളിൽ പ്രവൃത്തി ആരംഭിച്ചിരിക്കുകയുമാണ്. വൈകാതെ, ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ മാലിന്യക്കൂനകളില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെയാണ് ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിൻ സർക്കാർ ഏറ്റെടുത്തത്. നാടാകെ ഈ ക്യാമ്പയിനൊപ്പം അണിനിരക്കുകയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളും കൈകോർത്തുകൊണ്ട് ഈ ക്യാമ്പയിൻ അവസാനഘട്ടത്തിലേക്ക് കടക്കുകയുമാണ്. മാർച്ച് 30 ഓടെ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഫലപ്രാപ്തിയിലെത്തിക്കാൻ വിപുലമായ ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.

സംസ്ഥാനത്തെ ആകെ മുന്നേറ്റത്തിനൊപ്പം കൊച്ചിയിലും മാലിന്യ സംസ്കരണത്തിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. മാലിന്യം വലിച്ചെറിയുക, ബ്രഹ്മപുരത്ത് തള്ളുക എന്ന മനോഭാവത്തിൽ നിന്ന് ശാസ്ത്രീയ മാലിന്യ സംസ്കരണത്തിലേക്ക് കൊച്ചി മാറിവരുകയാണ്. ഡോർടു ഡോർ കളക്ഷൻ 93.62 ശതമാനത്തിലേക്ക് ഉയർന്നു. 2023 മാർച്ചിൽ ൽ വെറും രണ്ട് മെറ്റീയൽ കളക്ഷൻ ഫെസിലിറ്റികൾ ഉണ്ടായിരുന്നത് 2025 ൽ 60 എണ്ണമായി ഉയർന്നു. 2120 പരിശോധനകൾ നടത്തുകയും 13,962941 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.


മാലിന്യം വലിച്ചെറിയുന്നതിനെതിരേ കർശന നടപടി


മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കാൻ അടുത്ത രണ്ടുമാസം വിപുലമായ ശ്രമങ്ങൾ നടത്താൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ബോധവൽക്കരണത്തിന് പുറമേ പരിശോധനകൾ ഗണ്യമായി വർദ്ധിപ്പിക്കും. നിയമലംഘനങ്ങക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാകും ഈ പ്രവർത്തനങ്ങൾ നടത്തുകയെന്നും മന്ത്രി അറിയിച്ചു.


ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ വിവിധ പോയിന്റുകൾ സന്ദർശിച്ച് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ബയോ മൈനിംഗിലൂടെ വീണ്ടെടുത്ത സ്ഥലത്ത് ഒരുക്കിയ പിച്ചിൽ ക്രിക്കറ്റ് കളിക്കുകയും സമീപസ്ഥലത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.

വാർത്താ സമ്മേളനത്തിൽ പി.വി ശ്രീനിജിൻ എം.എൽ.എ, കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി ജോസ്, വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി.എസ് ഷിബു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.