കര്‍ളാട് തടാകം ഇനി ഹരിത ടൂറിസം കേന്ദ്രം

post

സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പിലാക്കിയ കര്‍ളാട് തടാകം ഇനി ഹരിത ടൂറിസം കേന്ദ്രം. തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ഡിടിപിസിയുടെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ഹരിത ടൂറിസം പ്രഖ്യാപനവും സാക്ഷ്യപത്രം കൈമാറലും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഡിറ്റിപിസി നിര്‍വാഹക സമിതി അംഗങ്ങളായ പി വി സഹദേവന്‍, വിജയന്‍ ചെറുകര എന്നിവര്‍ മുഖ്യാതിഥികളായി. കര്‍ലാട് വിനോദസഞ്ചാര കേന്ദ്രം മാനേജര്‍ ബൈജു തോമസ് സാക്ഷ്യപത്രം ഏറ്റുവാങ്ങി.

മാലിന്യമുക്ത പരിസരം, മാലിന്യ സംസ്‌കരണ ഉപാധികള്‍, ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ടോയ്‌ലറ്റുകളുടെ ശുചിത്വം, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കല്‍, ജല ലഭ്യത, ഗ്രീന്‍ ചെക്ക് പോസ്റ്റ് തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മാലിന്യമുക്തം നവ കേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിച്ചും, സന്ദര്‍ശകര്‍ക്ക് ആരോഗ്യകരമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും, പരിസ്ഥിതി സൗഹൃദ മനോഭാവ നിര്‍മിതിക്കനുകൂലമായ നിയന്ത്രണങ്ങളും നിബന്ധനങ്ങളും ബോധവല്‍ക്കരണവും നടപ്പാക്കിയും ,ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയില്‍ സുസ്ഥിരവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആയി പ്രഖ്യാപിക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത് അംഗം സൂന നവീന്‍, കെ വി ഉണ്ണികൃഷ്ണന്‍, ഡിടിപിസി മാനേജര്‍മാരായ പ്രവീണ്‍ പി പി, എം എസ് ദിനേശന്‍, മാര്‍ട്ടിന്‍ ടി ജെ തുടങ്ങിയവര്‍ സംസാരിച്ചു.