കോളാട് പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

post

കിഫ്ബി നിലനിർത്തേണ്ടത് നാടിന്റെ ആവശ്യം: മുഖ്യമന്ത്രി


കിഫ്ബിയോട് വിരോധപരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും സംസ്ഥാന വികസനത്തിന് കിഫ്ബി നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി ഗ്രാമപഞ്ചായത്തിനെയും ധർമ്മടം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് കോളാട് പുഴയ്ക്ക് കുറുകെ നിർമ്മിച്ച കോളാട് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മാത്രമുള്ള വിഭവശേഷി നമുക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഖജനാവിന്റെ ശേഷിയാണ് സംസ്ഥാന ബജറ്റിൽ പ്രതിഫലിക്കുക. സംസ്ഥാനത്തിന്റെ തനതുവരുമാനം നല്ല നിലയ്ക്ക് അഭിവൃദ്ധിപ്പെടുന്നുണ്ട്. പക്ഷേ, നമുക്ക് കിട്ടേണ്ട കേന്ദ്രവിഹിതം വേണ്ടത്ര ലഭിക്കുന്നില്ല. മാത്രമല്ല, ചിലപ്പോൾ കേന്ദ്രവിഹിതത്തിൽ വലിയ കുറവ് വരുത്തുകയും ചെയ്യുന്നു. അതിന് ഇടയാക്കുന്ന കാരണം, കേന്ദ്രസർക്കാറിന്റെ നവഉദാരവത്കരണ നയം ഏറെക്കുറെ മറ്റെല്ലാ സംസ്ഥാനങ്ങളും നടപ്പാക്കുമ്പോൾ കേരളം അതിന് തയ്യാറല്ല എന്നതാണ്.

സംസ്ഥാന സർക്കാറിന്റെ വിഭവ ശേഷികുറവ് പരിഗണിച്ചാണ് 2016ൽ കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. അഞ്ച് വർഷം കൊണ്ട് പശ്ചാത്തല സൗകര്യവികസന മേഖലയിൽ 50,000 കോടി രൂപയുടെ വികസന പദ്ധതികൾ ലക്ഷ്യമിട്ടിടത്ത് 2021 ആവുമ്പോഴേക്ക് 62,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഏറ്റെടുത്തത്. ഇപ്പോൾ 90,000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി മുഖേന ഏറ്റെടുക്കാൻ കഴിഞ്ഞു. സർക്കാറിന്റെ ബജറ്റ് വിഹിതവും കിഫ്ബി ഫണ്ടും കൂടി ചേർന്നാണ് നാടിന്റെ അതിവേഗ വികസനം യാഥാർഥ്യമാക്കിയത്. ഇതിന്റെ ഭാഗമായി ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസന മേഖലകളെ വലിയ തോതിൽ മെച്ചപ്പെടുത്താനും മാറ്റം വരുത്താനും കഴിഞ്ഞു. ഈ വികസനം ഇനിയും മുന്നോട്ടുപോകണം. കിഫ്ബി മുഖേന എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കിഫ്ബിക്ക് സ്വയം വരുമാന മാർഗം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കിഫ്ബിയെ നിലനിർത്താനായി സ്വയം വരുമാനം ഉണ്ടാക്കേണ്ട നടപടികൾ സ്വീകരിക്കേണ്ടി വരും. അതിലേക്ക് നിർബന്ധിതമാക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വില്ലേജ് റോഡുകൾ നന്നാക്കാൻ ആയിരം കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഈ മഴക്കാലത്തിന് മുമ്പുതന്നെ ഗ്രാമീണ റോഡുകൾ നന്നാക്കുന്ന പ്രവൃത്തി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോളാട് എൽപി സ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ കെ രത്‌നകുമാരി വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി പി അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ രാജീവൻ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ കെ രവി, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിഎം സജിത, ബൈജു നങ്ങാരത്ത്, ധർമ്മടം ഗ്രാമപഞ്ചായത്തംഗം കെ ബിന്ദു, രാഷ്ട്രീയകക്ഷിനേതാക്കളായ കെ ശശിധരൻ, എം മഹേഷ് കുമാർ, ടി ഭാസ്‌കരൻ, വി കെ ഗിരിജൻ, കാരായി സജിത്ത്, എൻ പി താഹിർ, ആർ കെ ഗിരിധരൻ എന്നിവർ സംസാരിച്ചു. പിഡബ്ല്യുഡി പാലങ്ങൾ വിഭാഗം കണ്ണൂർ എക്‌സിക്യുട്ടീവ് എൻജിനീയർ കെ എം ഹരീഷ് സ്വാഗതവും അസി. എൻജിനീയർ വിപിൻ അണിയേരി നന്ദിയും പറഞ്ഞു. അസി. എക്‌സിക്യുട്ടീവ് എൻജിനീയർ കെ ഉമാവതി റിപ്പോർട്ട് അവതരിപ്പിച്ചു.

13.6 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കോളാട് പാലത്തിന് 26.20 നീളത്തിലുള്ള നാല് പ്രീസ്ട്രസ്ഡ് ഗർഡർ ഉൾപ്പെടെ ആകെ 179 മീറ്റർ നീളവും ഒരു ഭാഗത്ത് നടപ്പാതയോട് കൂടി 9.75 മീറ്റർ വീതിയും ഉണ്ട്. പാലത്തിന് രാവുണ്ണി പീടിക ഭാഗത്ത് 126 മീറ്റർ നീളത്തിലും, ധർമ്മടം ഭാഗത്ത് 107 മീറ്റർ നീളത്തിലും, സേട്ടു പീടിക ഭാഗത്ത് 98 മീറ്റർ നീളത്തിലും ബിഎം ആൻഡ് ബിസി ഉപരിതലത്തോട് കൂടിയ മൂന്ന് അനുബന്ധ റോഡുകളും നിർമ്മിച്ചിട്ടുണ്ട്. പാലത്തിന്റെ പടിഞ്ഞാറ് ഭാഗം സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് സേട്ടു പീടിക ഭാഗത്തു നിന്ന് സർവീസ് റോഡും നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ ഈ സർവ്വീസ് റോഡിനെ തീരദേശ റോഡുമായി ബന്ധിപ്പിക്കാൻ സാധിക്കും. ആവശ്യമായ ഡ്രെയിനേജ് സംവിധാനം, റോഡ് സുരക്ഷ സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്ങുകൾ, റിഫ്ളക്ടർ സ്റ്റഡുകൾ മുതലായവയും പാലത്തിൽ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ 2023-24 വർഷത്തെ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിൽ ആവശ്യമായ വൈദ്യുതി വിളക്കുകളുടെ സംവിധാനവും ഒരുക്കിയിട്ടുണ്ട്.