ബാംബൂ ഫെസ്റ്റില്‍ ആകർഷകമായ ഭൂട്ടാന്‍ പങ്കാളിത്തം

post

ഇരുപത്തിയൊന്നാമത് ബാംബൂ ഫെസ്റ്റില്‍ ഇത്തവണ ഭൂട്ടാനില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ അന്താരാഷ്ട്ര പങ്കാളിത്തമാണ് ശ്രദ്ധേയമാകുന്നത്. മൂന്ന് കരകൗശല വിഗഗ്ധരാണ് പതിനഞ്ചോളം ഉല്‍പ്പന്നങ്ങളുമായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ മിഷന്‍ ആതിഥേയത്വം വഹിക്കുന്ന ബാംബൂ ഫെസ്റ്റിലെത്തിയിരിക്കുന്നത്.


ഭൂട്ടാനിലെ താരായണ ഫൗണ്ടേഷന്‍ വഴിയാണ് ഇവര്‍ കൊച്ചിയിലെ മേളയില്‍ പങ്കെടുക്കാനെത്തിയത്. രാജ്ഞിയായ ഡോര്‍ജി വാങ്‌മോ വാങ്‌ചുക്ക് ആണ് 2003 മെയ് 4ന് ഈ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. അന്നത്തെ കിരീടാവകാശിയായിരുന്ന ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്‌ചുക്ക് ഈ സംരംഭത്തിന് ഔദ്യോഗികമായ തുടക്കം കുറിച്ചു. സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് ഭൂട്ടാനിലെ ഗ്രാമീണ ജനങ്ങള്‍ക്ക് കൈത്താങ്ങാവുക എന്നാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. 20 ജില്ലകളിലും ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 12 ഫീല്‍ഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 32 ജീവനക്കാരാണ് താരയാന ഫൗണ്ടേഷനിലുള്ളത്.


കുട്ട, ബാസ്‌കറ്റ്, തൊപ്പി എന്നിവയാണ് ഭൂട്ടാനില്‍ നിന്നുള്ള സ്റ്റോളില്‍ ആകര്‍ഷണീയമായ ഉല്‍പ്പന്നങ്ങള്‍. ചാര്‍ക്കോള്‍ സോപ്പും ഇവയോടൊപ്പമുണ്ട്. ചതുരാകൃതിയിലുള്ള ബാസ്‌കറ്റുകളാണ് അധികവുമുള്ളത്. മുളയുടെ വൈന്‍ ബോട്ടില്‍ ആണ് ഏറെ കൗതുകമുണര്‍ത്തുന്നത്. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി മള്‍ട്ടികളറില്‍ ഇവ ലഭിക്കുമെന്നതാണ് പ്രത്യേകത. മെഷീനുകളുടെ സഹായമില്ലാതെ കൈകൊണ്ടാണ് ഇവയെല്ലാം നിര്‍മിക്കുന്നതെന്ന് മേളയിലെത്തിയ സോനം ഗ്യാല്‍സ്‌റ്റെന്‍ പറയുന്നു. ഗ്യാല്‍സ്റ്റൈനൊപ്പം മറ്റ് രണ്ടു പേര്‍ കൂടിയാണ് മേളയിലെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടത്തുന്ന മേളകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇവര്‍ ആദ്യമാണ്.


ബാംബൂ ഉല്‍പ്പന്നങ്ങള്‍ക്ക് ഭൂട്ടാനിലും ആവശ്യക്കാര്‍ കൂടി വരുന്നുണ്ടെന്നാണ് സോനം ഗ്യാല്‍സ്‌റ്റൈന്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള ആളുകളുടെ പ്രതികരണം മനസിലാക്കി അടുത്ത തവണ കൂടുതല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്നും ഇവര്‍ പറയുന്നു. 2080 രൂപ മുതലാണ് വൈന്‍ ബോട്ടിലിന്റെ വില തുടങ്ങുന്നത്. ഗിഫ്റ്റ് ബാസ്‌കറ്റിന് 1000 രൂപയാണ് വില. തൊപ്പിക്ക് 1440 രൂപയാണ് വില. ഭൂട്ടാനിലെ പരമ്പരാഗത തൊപ്പിയും ഇതോടൊപ്പമുണ്ട്. ഡിസംബര്‍ 7ന് ആരംഭിച്ച മേള ഡിസംബര്‍ 12ന് അവസാനിക്കും. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയില്‍ പ്രവേശനം സൗജന്യമാണ്.