നവകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചത്: കളക്ടര്‍

post

പത്തനംതിട്ട: നവകേരള മിഷന്റെ എല്ലാ വകുപ്പുകളും ജില്ലയില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് പറഞ്ഞു. നവകേരള മിഷന്റെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

ലൈഫ് മിഷനില്‍ ജില്ലയില്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാകാതിരുന്ന 1,188 വീടുകളില്‍ 1,169 എണ്ണം പൂര്‍ത്തിയായി. ലൈഫ് മിഷന്റെ രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ളവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതി പ്രകാരം 1,944 വീടുകളില്‍ 1,476 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. 190 വീടുകള്‍ റൂഫ് നിലയിലും, 164 വീടുകള്‍ ലിന്റല്‍ നിലയിലും, 88 വീടുള്‍ ബേസ്‌മെന്റ് നിലയിലും, 26 വീടുകള്‍ ആരംഭിക്കാനുമുണ്ട്. മൂന്നാം ഘട്ടത്തില്‍ 2,110 ഗുണഭോക്താക്കളുടെ പട്ടിക അര്‍ഹതാ പരിശോധനയ്ക്കായി എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും നല്‍കിയിട്ടുണ്ട്. 

ആര്‍ദ്രം പദ്ധതിയില്‍ ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ആദ്യ ഘട്ടത്തില്‍ 26 എണ്ണത്തില്‍ 19 എണ്ണത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികളിലും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒ. പി. ട്രാന്‍സ്‌ഫോര്‍മേഷന്‍ പണി പൂര്‍ത്തിയായി വരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത്‌ലാബിന് 3 കാര്‍ഡിയോളജിസ്റ്റുകളേയും മറ്റ് അനുബന്ധ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.ഹൃദ്രോഗ വിഭാഗം വികസിപ്പിക്കുകയയും ചെയ്തു. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ 163 സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ക്ലാസ് മുറികളും 184 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളും 49 സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളും ഹൈടെക്ക് ആക്കി. ജില്ലയില്‍ പൂര്‍ത്തിയാക്കേണ്ട 652 ലാബുകളില്‍ 412 എണ്ണം് പ്രവര്‍ത്തനം ആരംഭിച്ചു.

ശാസ്ത്രം, സാഹിത്യം, കല, കായിക മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന പരിപാടി വിദ്യാലയങ്ങളില്‍ നടന്നു വരുന്നു. ജില്ലയിലെ സാംസ്‌കാരിക രംഗത്തെ പ്രതികളുമായുള്ള കൂടിക്കാഴ്ച്ചയും നടത്തും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂള്‍ വിദ്യാലയങ്ങളുടെ പ്രൈമറി വിഭാഗത്തിലും ഹൈടെക്ക് ലാബുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങളും നല്‍കി വരുന്നു. 

ഹരിതകേരളം മിഷന്റെ ഉപ മിഷനായ കൃഷിയില്‍ 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 51 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചു. ജില്ലയിലെ ഓരോ ബ്ലോക്കിലേയും ഓരോ ഗ്രാമ പഞ്ചായത്തുകള്‍ തരിശുരഹിത പഞ്ചായത്താക്കി മാറ്റുന്ന പദ്ധതി നടന്നുവരുന്നു. 20 പഞ്ചായത്തുകളിലേയും രണ്ടു നഗരസഭയിലേയും വാര്‍ഡുകള്‍ ഹരിത വാര്‍ഡുകളാക്കി. ഹരിത കേരള മിഷന്റെ രണ്ടാം ഉപ മിഷനായ വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ്  മല്ലപ്പള്ളി ഡിവിഷന് കീഴില്‍ 'മല്ലപ്പള്ളി ജലധാര' പദ്ധതി നടപ്പിലാക്കി. ഇവയുമായി ബന്ധപ്പെട്ട് 'ഹരിതയാനം കുറ്റൂര്‍' പദ്ധതിയും ആവിഷ്‌ക്കരിച്ചു. ഹരിത കേരളം മിഷന്റെ മൂന്നാം ഉപ മിഷനായ ശുചിത്വ മിഷന്‍ ജില്ലയില്‍ 53 ഗ്രാമ പഞ്ചായത്തുകളിലും നാലു നഗരസഭകളിലും ഹരിത കര്‍മ്മ സേന രൂപീകരിച്ചിട്ടുണ്ട്. 2020 ജനുവരിക്ക് മുന്‍പായി എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ആര്‍.ആര്‍.എഫ്., എം.സി.എഫ്. പൂര്‍ത്തീകരിച്ച് ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. മൈനര്‍ ഇറിഗേഷന്‍ 53 ഗ്രാമ പഞ്ചായത്തുകളിലും, നാലു നഗരസഭകളിലും, എട്ട് ബ്ലോക്കുകളിലും വാട്ടര്‍ഷെഡ് ഡെവലപ്‌മെന്റ് പ്ലാന്‍ പൂര്‍ത്തിയാക്കി. 

കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ബി. ആര്‍. മുരളിധരന്‍ നായര്‍, ഡിഎംഒ. ഡോ. എ. എല്‍. ഷീജ, ലൈഫ് മിഷന്‍ ഡി.എം.സി. സി. പി. സുനില്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍ കെ. രാധാകൃഷ്ണന്‍ നായര്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. രാജശേഖരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.