സ്‌കൂൾ, കോളജ് മൈതാനത്തിന്റെ ഉപയോഗം: മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണം
 
                                                സ്‌കൂൾ, കോളജ്, സർക്കാർ ഓഫീസുകളിൽ വോട്ടു തേടരുത്
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്‌കൂളുകൾ, കോളജുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർഥികൾ വോട്ടു തേടരുതെന്ന് ഇടുക്കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി പൊതു-രാഷ്ട്രീയ സമ്മേളനങ്ങൾക്കായി സ്‌കൂൾ, കോളജ് മൈതാനങ്ങൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം.
ഒരു സാഹചര്യത്തിലും സ്‌കൂൾ, കോളജ് അക്കാദമിക കലണ്ടർ തടസപ്പെടാൻ പാടില്ല. സ്‌കൂൾ, കോളെജ് മാനേജ്മെന്റിന്റെയും ബന്ധപ്പെട്ട സബ് ഡിവിഷണൽ ഓഫീസറുടേയും മുൻകൂർ അനുമതി നേടിയിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിലായിരിക്കണം അനുമതി നൽകേണ്ടത്. ഇത്തരം മൈതാനങ്ങൾ ഉപയോഗിക്കുന്നത് ഒരു രാഷ്ട്രീയപാർട്ടിയുടെ കുത്തകയാക്കി മാറ്റാൻ പാടില്ല.
മൈതാനങ്ങൾ ഉപയോഗിക്കുന്നത് വിലക്കി കോടതി നിർദ്ദേശമോ ഉത്തരവോ നിലവിലുണ്ടെങ്കിൽ ഉപയോഗിക്കാൻ പാടില്ല. മൈതാനങ്ങൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രചാരകരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. രാഷ്ട്രീയസമ്മേളനങ്ങൾക്ക് സ്‌കൂൾ, കോളജ് ഗ്രൗണ്ടുകൾ അനുവദിക്കുന്നതിലുള്ള എല്ലാ ചട്ടലംഘനങ്ങളും തെരഞ്ഞെടുപ്പു കമ്മിഷൻ ഗൗരവമായി കാണും.










