കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളായി മാറും: മന്ത്രി പി രാജീവ്

post

ജലഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റമാണ് കൊച്ചി വാട്ടര്‍ മെട്രോ സഷ്ടിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ ടെര്‍മിനലുകളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളായി മാറുകയാണ്. ദേശീയ ജലപാത ഈ വര്‍ഷം ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും.

ഏലൂര്‍ ഫെറിയുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 94.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഓപ്പണ്‍ ജിം, കഫത്തീരിയ, കംഫര്‍ട്ട് സ്റ്റേഷന്‍, തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വിനോദ സഞ്ചാരികള്‍ക്കായി ഡിടിപിസിയുടെ നേതൃത്വത്തില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, നഗരസഭ എന്നിവര്‍ ചേര്‍ന്ന് നടപ്പാക്കുന്ന 55 ലക്ഷം രൂപയുടെ അമൃത് പദ്ധതിയും നടപ്പാക്കുന്നുണ്ട്.

ദൈനംദിന യാത്രക്കാരോടൊപ്പമോ അധികലധികമോ ടൂറിസ്റ്റുകളും വാട്ടര്‍ മെട്രോ ഉപയോഗിച്ചിട്ടുണ്ട്. വാട്ടര്‍ മെട്രോ പൂര്‍ണ്ണസജ്ജമാകുന്നതോടെ കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും. കേരളമാകെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറും. എല്ലാ സൗകര്യങ്ങളുമുള്ള നഗരമായി കൊച്ചി മാറുകയാണ്. കൊച്ചിയുടെ ലോകത്തിന്റെ മുഖമായി വാട്ടര്‍ മെട്രോ മാറിയിരിക്കുകയാണ്. പ്രതിദിനം ഒന്നര ലക്ഷത്തോളം പേര്‍ യാത്ര ചെയ്യും വിധമാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

കൊച്ചി വാട്ടര്‍ മെട്രോ ഇതിനകം തന്നെ പൊതുസമൂഹത്തെ ആകെ ആകര്‍ഷിച്ച കേരളത്തിലെ ശ്രദ്ധേയമായ പദ്ധതിയായി മാറിക്കഴിഞ്ഞുവെന്ന് ചടങ്ങില്‍ ആശംസയറിച്ച് സംസാരിച്ച മന്ത്രി കെ. രാജന്‍ പറഞ്ഞു. അവശേഷിക്കുന്ന ടെര്‍മിനലുകളുടെ നിര്‍മ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. കൊച്ചി വാട്ടര്‍ മെട്രോ സമ്പൂര്‍ണ്ണമായി സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കാലയളഴില്‍ തന്നെ വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈവിധ്യമാര്‍ന്ന പശ്ചാത്തല വികസന പദ്ധതികളുടെ ഹബ്ബായി കൊച്ചി മാറിയിരിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആസൂത്രിതമായി കൊച്ചിയുടെ ഗതാഗതമേഖലയെ രൂപപ്പെടുത്തിയെടുക്കുകയാണ്. ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാരമേഖലയ്ക്കും ഏറെ ഗുണകരമാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ വിപുലീകരണം. വിദേശ സഞ്ചാരികളും ആഭ്യന്തര സഞ്ചാരികളും ഏറ്റവും കൂടുതല്‍ എത്തുന്നത് കേരളത്തില്‍ എറണാകുളം ജില്ലയിലാണ്. വാട്ടര്‍ മെട്രോ ടൂറിസം മേഖലയ്ക്ക് ഏറെ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വികസനം മുന്നില്‍ കണ്ട് കൂടുതല്‍ റൂട്ടുകള്‍ വികസിപ്പിക്കാന്‍ വാട്ടര്‍ മെട്രോയ്ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് ടെര്‍മിനലുകള്‍ കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുക. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോൾഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്.

മാര്‍ച്ച് 17, ഞായറാഴ്ച്ച രാവിലെ മുതല്‍ കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടുകളില്‍ സര്‍വ്വീസ് ആരംഭിക്കും. ഇതോടെ 9 ടെര്‍മിനലുകളിലായി 5 റൂട്ടുകളിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് വ്യാപിക്കും. പരമാവധി ടിക്ക്റ്റ് നിരക്ക് പരമാവധി 40 രൂപയാണ്.

കൊച്ചി വാട്ടര്‍ മെട്രോയുടെ നാല് ടെര്‍മിനലുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയിലെ യഥാര്‍ഥ വ്യക്തികളെ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഉദ്ഘാടനത്തിനു ശേഷം ആദ്യ ബോട്ട് സര്‍വീസില്‍ മന്ത്രി പി. രാജീവും മറ്റ് വിശിഷ്ടാതിഥികളും യാത്ര ചെയ്തു. കൊച്ചി വാട്ടര്‍ മെട്രോ ബോട്ടുകളുടെയും ടെര്‍മിനലുകളുടെയും നിര്‍മ്മാണത്തില്‍ പങ്കാളികളായവരെയും ചടങ്ങില്‍ ആദരിച്ചു.