അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുനല്‍കി റാന്നി ഗ്രാമപഞ്ചായത്ത്

post

പത്തനംതിട്ട:  റാന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ അവശ്യഭക്ഷ്യധാന്യങ്ങള്‍ വിതരണം നടത്തി. ഗ്രാമപഞ്ചായത്തില്‍ 247 അതിഥി തൊഴിലാളികളാണുള്ളത്. ഇവരുടെ ലിസ്റ്റ് വാര്‍ഡ് അംഗങ്ങള്‍ വഴി ശേഖരിച്ചിരുന്നു. ഇതില്‍ 200 തൊഴിലാളികള്‍ക്കാണു ഗ്രാമപഞ്ചായത്ത് അരി, പച്ചക്കറികള്‍, എണ്ണ തുടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു നല്‍കിയത്. 

അരിയും സാധനങ്ങളും ഓരോ സ്ഥലത്തെയും തൊഴിലാളികള്‍ താമസിക്കുന്ന വീടുകളില്‍ കഴിയുന്നവരുടെ എണ്ണം കണകാക്കിയാണു വീതിച്ചുനല്‍കിയത്. പഞ്ചായത്തിലെ ബാക്കി 47 തൊഴിലാളികള്‍ക്ക് അവരുടെ കോണ്‍ട്രാക്ടര്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നുണ്ട്. റാന്നി ഗ്രാമപഞ്ചായത്തിലെ പെരുമ്പുഴ, നിരന്നനിലത്തുമല, ആനപ്പാറമല, മുണ്ടപ്പുഴ, മലമണ്ണേല്‍, തെക്കേപ്പുറം, പാലച്ചുവട്, മന്ദിരം എന്നിവിടങ്ങളിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലാണു ഭക്ഷ്യധാന്യ ങ്ങള്‍ സൗജന്യമായി ഗ്രാമപഞ്ചായത്ത് വാഹനത്തില്‍ എത്തിച്ചുനല്‍കിയത്. 

റാന്നി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണ്‍ വഴി മൂന്നുനേരവും അര്‍ഹരായവര്‍ക്കു ഭക്ഷണം നല്‍കുന്നുണ്ട്. തോട്ടമണ്‍ കൃഷിഭവനില്‍ നിന്നും കൃഷി അസിസ്റ്റന്റ് ഓഫീസര്‍ അനീഷിന്റെ നേതൃത്വത്തില്‍ വിളയിച്ച അഞ്ചു കിലോ പയറും അഞ്ചു കെട്ട് ചീരയും കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിച്ച് കറികള്‍ക്കായി തയ്യാറാക്കി. രാജു എബ്രഹാം എം.എല്‍.എയുടെ ഇടപെടലിലൂടെ ഒരു വ്യക്തി 10 താറാവിനെ കഴിഞ്ഞ ദിവസം വൈകിട്ടത്തെ ഭക്ഷണത്തിന് കറിവെക്കുന്നതിലേക്ക് സൗജന്യമായി നല്‍കിയതായും റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ പറഞ്ഞു.