പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഭാരതീയ ചികിത്സാ വകുപ്പ്

post

പത്തനംതിട്ട : കോവിഡ് 19 വൈറസ് സാമൂഹിക വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ അന്തരീക്ഷത്തിലെ രോഗാണുക്കളുടെ സാന്ദ്രത കുറയ്ക്കുന്നതിനായി വിശിഷ്ട ഔഷധങ്ങള്‍ ചേര്‍ത്ത ധൂപനത്തിനായുള്ള അപരാജിത ചൂര്‍ണ്ണം വിതരണം ചെയ്തതായി ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി.വി ഷീല മേബ്‌നെറ്റ് പറഞ്ഞു.

പ്രതിരോധ ശക്തി കുറഞ്ഞവരിലാണ് കോവിഡ് 19 ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. പ്രതിരോധ ഔഷധ കിറ്റുകളുടെ വിതരണവും ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്നുണ്ട്. ആയൂര്‍വേദ ഔഷധങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കുന്നതു വഴി സ്വാഭാവിക പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഐ.എസ്.എം) പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാര്‍ മുഖേന ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധ ഔഷധക്കിറ്റ് വിതരണം ചെയ്യുന്നുണ്ട്. 

ഇന്ദുകാന്തം, ഷഡംഗം കഷായം, വില്വാദി ഗുളിക, സുദര്‍ശനം ഗുളിക, അപരാജിത ചൂര്‍ണ്ണം എന്നീ ഔഷധങ്ങള്‍ അടങ്ങിയതാണ് ഔഷധക്കിറ്റുകള്‍. ഇവയുടെ ഉപയോഗക്രമം അതാത് പഞ്ചായത്തിലെ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്നും മനസിലാക്കാം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യപ്രശ്നങ്ങള്‍ മനസിലാക്കി പ്രതിരോധ ഔഷധങ്ങള്‍ നല്‍കുന്നുണ്ട്.