വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരി വിരുദ്ധ സന്ദേശം എത്തണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരി വര്‍ജനത്തിന്റെ സന്ദേശം പൂര്‍ണമായി എത്തിച്ചേരാന്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 'നാളത്തെ കേരളം ലഹരി വിരുദ്ധ നവ കേരളം' എന്ന 90 ദിന തീവ്രയജ്ഞ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഈ മാസം 22നു നടക്കുന്ന ജില്ലാതല ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് 90 ദിന തീവ്രയജ്ഞ ബോധവല്‍ക്കരണ പരിപാടി സംസ്ഥാന വ്യാപകമായി നടത്തുന്നത്. ജില്ലാതല ഉദ്ഘാടനമാണ് 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കുന്നത്.
അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എന്‍.കെ മോഹന്‍കുമാര്‍, വിമുക്തി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
90 ദിന തീവ്രയജ്ഞ ബോധവല്‍ക്കരണ ഭാഗമായി ഡിസംബര്‍ നാലിന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. മുന്‍സിപ്പാലിറ്റി, പഞ്ചായത്ത്, വാര്‍ഡ് തലത്തിലും ലഹരി വിരുദ്ധ സേന രൂപീകരിക്കും. സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിക്കും. ലൈബ്രറികള്‍, റെസിഡന്റ് അസോസിയേഷന്, ക്ലബുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കമ്മറ്റികള്‍ രൂപീകരിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.