അതിഥി തൊഴിലാളികള്‍ക്ക് കരാറുകാരും കെട്ടിട ഉടമകളും കൂടുതല്‍ പരിഗണന നല്‍കണം

post

പത്തനംതിട്ട : ജില്ലയിലെ അതിഥി തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും  ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അവരുടെ കരാറുകാരും കെട്ടിട ഉടമകളും കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ അതിഥിതൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ നേരിട്ട് അറിയുന്നതിനായി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു വിലയിരുത്തുകയായിരുന്നു കലക്ടര്‍. ക്യാമ്പുകളില്‍ അതിഥിതൊഴിലാളികള്‍ക്ക് നല്ല രീതിയില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കരാറുകാരും കെട്ടിട ഉടമകളും ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കാതെ വന്നാല്‍ അവരുടെ വീടുകളിലെ കൃത്യമായ എണ്ണം എടുത്ത് ആവശ്യമായ ഭക്ഷണം അരിയോ, പച്ചക്കറിയോ ഏതാണ് ആവശ്യമെന്ന് ലിസ്റ്റ് തയ്യാറാക്കി വില്ലേജ് ഓഫീസുകളില്‍  എത്തിക്കണം. ജില്ലയിലെ എല്ലാ ക്യാമ്പുകളിലെയും കൃത്യമായ ലിസ്റ്റ് ഇത്തരത്തില്‍ തയ്യാറാക്കി  രണ്ടു ദിവസത്തിനുള്ളില്‍ ഭക്ഷണപ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

കൂടാതെ ഇവര്‍ താമസിക്കുന്ന വീടുകളിലെ ഓരോ മുറിയിലും എട്ടും പത്തുംപേര്‍ തിങ്ങി താമസിക്കുന്നതായി മനസിലാക്കാന്‍ സാധിച്ചു. ഇത് ഒഴിവാക്കുന്നതിനായി കെട്ടിട ഉടമകള്‍ അടച്ചിട്ടിരിക്കുന്ന മുറികള്‍കൂടി തുറന്നു കൊടുക്കണമെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇക്കാലമത്രയും ഇവരുടെ കൈയ്യില്‍ നിന്നും വലിയൊരു തുക വാടകയിനത്തില്‍ കരാറുകാരനും കെട്ടിടഉടമയും വാങ്ങിയിരുന്നു.അതിനാല്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ തൊഴില്‍ തേടി ഇവിടെയെത്തി തൊഴിലും നഷ്ടപ്പെട്ട് വരുമാനമില്ലാത്ത സാഹചര്യം പരിഗണിച്ച് ഇവരുടെ ഭക്ഷണ കാര്യങ്ങളില്‍ ഇടപെടണം. ഇവരെ വാടക നല്‍കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ആവശ്യമുള്ള സ്ഥലങ്ങളില്‍ പുതുതായി കൂടുതല്‍ ക്യാമ്പ് തുടങ്ങുന്നതിനും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ക്യാമ്പുകളായി പ്രഖ്യാപിക്കുന്നതിനും അവിടെ ദുരന്തനിവാരണ ആക്ട് പ്രകാരം സര്‍ക്കാര്‍നിര്‍ദ്ദേശം അനുസരിച്ച് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

അടൂര്‍, പന്തളം എന്നിവിടങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതായും ആളുകള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. അത്യാവശ്യ സാധനങ്ങളും മരുന്നുകളും വാങ്ങുന്നതിനുമായി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം പുറത്തിറങ്ങുന്നതിനും ശ്രദ്ധിക്കണം. അവശ്യസാധനങ്ങള്‍ സാധനങ്ങള്‍ വില്‍ക്കുന്നതിന്റെ മറവില്‍ മിക്ക കടകളും അത്യാവശ്യമല്ലാത്ത സാധനങ്ങളും വില്‍ക്കുന്നതായും ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കേണ്ട നിര്‍ദ്ദേശം കടയുടമകള്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നും ഇതു പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.

പ്രമാടം സപ്ലൈകോ കേന്ദ്രത്തിലെ അതിഥി തൊഴിലാളികള്‍, പന്തളം അതിഥി തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളാണ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചത്. പ്രമാടം കേന്ദ്രത്തില്‍ ഡോ.ശ്രീകുമാര്‍, ടെക്‌നിക്കല്‍ അസി.സി.ജി.ശശിധരന്‍  മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് സ്‌ക്രീനിംങ് നടത്തുന്നതും കളക്ടര്‍ വിലയിരുത്തി. ഗവി മേഖലയിലെ തൊഴിലാളികള്‍ക്ക് കൃത്യമായ ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കോന്നി തഹസില്‍ദാര്‍ കെ.ശ്രികുമാറിനെ ചുമതലപ്പെടുത്തി.   പന്തളം ക്യാമ്പ് സന്ദര്‍ശിച്ച കളക്ടര്‍, നഗരസഭ അധ്യക്ഷ ടി.കെ സതി, ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനി, അടൂര്‍ തഹസില്‍ കെ.നവീന്‍ ബാബു, പന്തളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ഡി ബിജു, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.