അതിഥി തൊഴിലാളികള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ കോള്‍ സെന്ററുകള്‍

post

പത്തനംതിട്ട : കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയിലുള്ള അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കുന്നതിനായി ജില്ലാ ഭരണകൂടം കോള്‍സെന്ററുകള്‍ ആരംഭിച്ചു. ഹിന്ദി, ബംഗാളി, അസമീസ് ഭാഷകള്‍ അറിയാവുന്ന വോളിണ്ടിയര്‍മാരെ കോള്‍സെറ്ററിലേക്ക് ആവശ്യമുണ്ടെന്നുകാട്ടി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന 200 പേര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. ഇവരില്‍ നിന്ന് ആദ്യം 90 പേരുടെ പട്ടിക തയ്യാറാക്കുകയും അവരില്‍ നിന്ന് 36 തിരഞ്ഞെടുക്കുകയുമാണ് ചെയ്തത്. ബാക്കിയുള്ളവര്‍ റിസര്‍വ് പട്ടികയില്‍ തുടരും. 

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി അടൂര്‍, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, തിരുവല്ല താലൂക്കുകളില്‍ ആരംഭിച്ച ക്യാമ്പുകളില്‍ അതത് മേഖലയിലേക്കു നിയോഗിക്കപ്പെട്ട കോള്‍ സെന്ററുമായി ബന്ധപ്പെട്ട വോളണ്ടിയര്‍മാരുടെ നമ്പര്‍ പൊതുസ്ഥലത്ത് പതിപ്പിക്കും. അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ സ്‌ക്രീനിംഗിന് പോകുന്ന സംഘവും ബന്ധപ്പെടേണ്ട നമ്പര്‍ ക്യാമ്പില്‍ പതിക്കും. കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുഖാന്തരം അവര്‍ താമസിക്കുന്നിടത്ത് ആ മേഖലയില്‍ കോള്‍സെന്ററുമായി ബന്ധപ്പെട്ട് വിളിക്കേണ്ട വോളിണ്ടിയര്‍മാരുടെ ഫോണ്‍നമ്പര്‍ പതിക്കും. 

കോള്‍ സെന്ററിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ വീടുകളില്‍ ഇരുന്ന് ഗൂഗിള്‍ ഫോം വഴി ഫോണിലൂടെ ബന്ധപ്പെട്ട അതിഥി തൊഴിലാളികളുടെ വിശദവിവരവും ആവശ്യങ്ങളും കോള്‍ സെന്ററുമായി ബന്ധപ്പെട്ട കോഡിനേറ്ററെ അറിയിക്കും. 

ഹിന്ദി കൈകാര്യം ചെയ്യുന്ന അഞ്ചു പേരടങ്ങുന്ന ആറു ഗ്രൂപ്പുകളായി 30 പേര്‍ കോള്‍സെന്ററുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കും. ഈ 30 വാളണ്ടിയര്‍മാരില്‍ അസമി, ഗുജറാത്തി ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഓരോരുത്തരെ പ്രത്യേകം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബംഗാളി ഭാഷ കൈകാര്യം ചെയ്യുന്ന ആറുപേരെ പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ട്. 

കോള്‍ സെന്ററിലേക്ക് തിരഞ്ഞെടുത്തവരുടെ വാട്സാപ്പ് കൂട്ടായ്മയിലൂടെ ബംഗാളി, അസ്സമി, ഗുജറാത്തി ഭാഷകളില്‍ നിന്ന് ബന്ധപ്പെടുന്നവരുടെ നമ്പര്‍ കൈമാറുകയും ഈ ഭാഷകള്‍ അറിയാവുന്ന വോളണ്ടിയര്‍ അതിഥി സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ ബന്ധപ്പെടുന്ന അതിഥി സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ വിഷയങ്ങള്‍ പി.എച്ച്.സി വഴിയും അവശ്യവസ്തുക്കളുടെ ആവശ്യങ്ങള്‍ തഹസിദാര്‍മാര്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തൊഴില്‍വകുപ്പ് തുടങ്ങിയ ബന്ധപ്പെട്ട ആളുകളെയും അറിയിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലാതലത്തില്‍ കോള്‍ സെന്റര്‍ ഏകോപിക്കുന്നത് ഡോ. എസ്.ശ്രീകുമാറാണ്.