മൃഗസംരക്ഷണവകുപ്പിന്റെ വേനല്‍ക്കാല ജാഗ്രതാനിര്‍ദേശങ്ങള്‍

post

കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്നുള്ള ചൂട് പ്രതിരോധിക്കാനും മുന്‍കരുതലെടുക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പ്.പശുക്കളെ പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്, പാടത്ത് കെട്ടിയിടാനുംപാടില്ല. ആസ്ബസ്റ്റോസ്-തകര ഷീറ്റ് കൂടാരങ്ങളില്‍നിന്ന് പുറത്തിറക്കി മരത്തണലില്‍ കെട്ടിയിടാം. തൊഴുത്തില്‍ മുഴുവന്‍ സമയവും ഫാനിടാം. തെങ്ങോല/ടാര്‍പോളിന്‍ ഉപയോഗിച്ചുള്ള മേല്‍ക്കൂര ചൂടിനെ പ്രതിരോധിക്കും. അരമണിക്കൂര്‍ കൂടുമ്പോള്‍ പശുക്കളെ നനയ്ക്കാം. വാഹനത്തില്‍ കയറ്റിയുള്ള ദീര്‍ഘദൂര യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം. നിര്‍ജലീകരണം തടയാനും കറവനഷ്ടം കുറയ്ക്കുന്നതിനുമായി തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാന്‍ ടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം. നിലവാരം ഉള്ള കാലിതീറ്റ ഉറപ്പാക്കണം. ധാതു-ലവണ മിശ്രിതങ്ങള്‍ ചേര്‍ക്കണം.

ബ്രോയ്‌ലര്‍ കോഴികള്‍ക്ക് മൂന്ന്തവണ ചകിരിച്ചോര്‍തറവിരി ഇളക്കിയിടണം. വെള്ളംതളിച്ച് മേല്‍ക്കൂര തണുപ്പിക്കണം . മേല്‍ക്കൂരയ്ക്ക് മുകളില്‍ തെങ്ങോലയോ ചണച്ചാക്കോ വിരിക്കാം, വള്ളിചെടികളു പടര്‍ത്താം. മേല്‍ക്കൂര വെള്ളപൂശിയും ചൂട് നിയന്ത്രിക്കാം. ഐസിട്ട വെള്ളം കുടിക്കാന്‍ നല്‍കാം. എക്‌സോസ്റ്റ് ഫാനുകളും ഉപയോഗിക്കാം.

വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും തണുത്ത കുടിവെള്ളം നല്‍കണം. നായ്ക്കൂടുകള്‍ക്കു മുകളില്‍ തണല്‍ വലകള്‍ ഉപയോഗിക്കാം. ആഹാരം പലതവണകളായി നല്‍കാം. ജീവകം സി നല്‍കാം. കൂട്ടില്‍ ഫാന്‍ വേണം. ദിവസവും ശരീരം ബ്രഷ് ചെയ്യണം. നായ്ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ചിടരുത്. സൂര്യാഘാതമേറ്റാല്‍ തണുത്തവെള്ളത്തില്‍മുക്കിയ ടവല്‍ പുതപ്പിക്കണം . സൂര്യാഘാതലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരവൈദ്യസഹായത്തിനായി  വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം