വാക്കുപാലിച്ച് കമ്പംമെട്ട് പോലീസ്

post

ഇടുക്കി : ജോലിക്കു പോകണ്ട, അവശ്യസാധനങ്ങളെത്തിച്ചു തരാം എന്ന പോലീസ് ഉദ്യാഗസ്ഥരുടെ വാക്ക് വിശ്വസിച്ച് വീടുകളിലിരുന്ന തൊഴിലാളികള്‍ക്ക് ആഹാരസാധനങ്ങളെത്തിച്ച്  കമ്പംമെട്ട് പോലീസ് വാക്കു പാലിച്ചു. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും നിത്യവൃത്തിയ്ക്കായി കൂലിപ്പണിക്ക് പോകുന്ന തൊഴിലാളി കുടുംബങ്ങളിലാണ് കമ്പംമെട്ട്, പോലീസ് ഇന്‍സ്പെക്ടര്‍ ജി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍  ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ചു നല്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ തൊഴിലാളി കുടുംബ വീടുകളും കയറിയിറങ്ങി ഇനി പണിക്ക് പോകാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കിയിരുന്നു. അവശ്യസാധനങ്ങള്‍ വേണ്ടവര്‍ വിളിച്ചറിയിക്കണമെന്ന് നിര്‍ദേശവും നല്കിയിരുന്നു. ദിവസക്കൂലിക്ക് പണിക്ക് പോയിരുന്ന തൊഴിലാളികള്‍ക്ക് പെട്ടെന്ന് ജോലി നിര്‍ത്തിയാല്‍ വീട്ടാവശ്യത്തിന് സാധനങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മനസിലാക്കിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പലചരക്ക് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിച്ചു നല്കിയത്. വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പോലീസ് സംഘം അവശ്യസാധനങ്ങള്‍ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തത്.