കോക്കോ ഫിലിം ഫെസ്റ്റ് ജനുവരി അഞ്ച് മുതൽ; 40 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും

ശ്രീ തിയേറ്ററിലും വേദി മിനി തിയേറ്ററിലുമായി ദിവസം ആറ് സ്ക്രീനിംഗ്
കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കോക്കോ ചലച്ചിത്രോത്സവം ജനുവരി അഞ്ച് മുതൽ 11 വരെ നടക്കും. ശ്രീ തിയേറ്ററിലും ശ്രീ തിയേറ്റർ കോമ്പൗണ്ടിലുള്ള വേദി മിനി തിയേറ്ററിലുമായിട്ടാണ് നാൽപ്പതോളം സിനിമകൾ പ്രദർശിപ്പിക്കുക. പ്രദർശനം സൗജന്യമാണ്.
കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സംഭാവനകളായ മലയാള ചിത്രങ്ങളാണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം ലഭിച്ച സിനിമകളും പ്രദർശിപ്പിക്കും.
നീലക്കുയിൽ, ഭാർഗവീനിലയം, ഉത്തരായനം, നിർമ്മാല്യം, ഒരു വടക്കൻ വീരഗാഥ, ഓപ്പോൾ, 1921, ഓളവും തീരവും തുടങ്ങിയ മലയാള സിനിമകൾക്കൊപ്പം ക്ലാര സോള, ക്ലാഷ്, ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്ക്, ദി ജാപ്പനീസ് വൈഫ്, എൻഡ്ലെസ്സ് പോയട്രി തുടങ്ങിയ വിദേശ സിനിമകളും പ്രദർശിപ്പിക്കും. എല്ലാ ദിവസവും ഓപ്പൺ ഫോറം ഉണ്ടായിരിക്കും.
പ്രശസ്ത മലയാള ചലച്ചിത്രങ്ങൾ മികച്ച ദൃശ്യ മികവോടെ തിയേറ്ററിൽ ആസ്വദിക്കാനുള്ള അപൂർവ അവസരമാണ് സാഹിത്യനഗര പ്രഖ്യാപനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ കോക്കോ ഫിലിം ഫെസ്റ്റിലൂടെ ഒരുക്കുന്നത്. www.kocofilmfest.eventupdates.online എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
ജനുവരി അഞ്ചിന് വൈകുന്നേരം 4.30ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. മുതിർന്ന ഫിലിം സൊസൈറ്റി പ്രവർത്തകൻ ചെലവൂർ വേണുവിനെ പരിപാടിയിൽ ആദരിക്കും.