ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കുള്ള എല്ലാ കരുതലുകളുമൊരുക്കി വിവിധ വകുപ്പുകള്‍

post

പത്തനംതിട്ട : കോവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി എല്ലാ മുന്‍കരുതലുകളും ഒരുക്കി വിവിധ വകുപ്പുകള്‍. തദേശസ്വയംഭരണം, ആരോഗ്യം, റവന്യൂ, തൊഴില്‍ വകുപ്പുകളുടെ നേതൃത്വത്തിലാണു വേണ്ട മുന്‍കരുതലുകള്‍ ഒരുക്കിയിരിക്കുന്നത്. 

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധനയിലൂടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന  തൊഴിലാളികളെ ജില്ലയിലെ ആറു താലൂക്കുകളിലായി ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളിലാണു നിരീക്ഷണത്തിലായി പാര്‍പ്പിക്കുക. കൂടാതെ റോഡില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരും, ഭിക്ഷാടകരുമായ ആളുകളേയും പ്രത്യേകം സംരക്ഷിക്കും. 

തിരുവല്ല താലൂക്കിലെ ഡയറ്റ് യു.പി.എസ്, കാവുംഭാഗം ഗവ. എല്‍.പി സ്‌കൂള്‍, കോഴഞ്ചേരി താലൂക്കിലെ തൈക്കാവ് ഗവ.എച്ച്.എസ്.എസ്, കുമ്പഴ മൗണ്ട്ബദനി, കോന്നി താലൂക്കിലെ കോന്നി ഗവ. എച്ച്.എസ്.എസ്, റാന്നി താലൂക്കിലെ എം.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മല്ലപ്പള്ളി താലൂക്കിലെ കീഴ്വായ്പ്പൂര്‍ എല്‍.പി, യുപി എച്ച്.എസ്.എസ്, അടൂര്‍ താലൂക്കിലെ പന്തളം മങ്ങാരം ഗവ.യു.പി.എസ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. 

തിരുവല്ലയില്‍ അതിഥി തൊഴിലാളികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി തിരുവല്ലയിലെ ഡയറ്റ് യു.പി.എസ് ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ നിലവില്‍ അഞ്ച് പേരാണു മൂന്നു മുറികളിലായി നിരീക്ഷണത്തിലുള്ളത്. അലഞ്ഞുതിരിഞ്ഞു നടന്നവരെ പാര്‍പ്പിക്കാനായി തിരുവല്ല കാവുംഭാഗം ഗവ.എല്‍.പി സ്‌കൂള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ ഇവിടെ അഞ്ചുപേരാണുള്ളത്. ഇവര്‍ക്കുള്ള ഭക്ഷണം, കുടിവെള്ളം തുടങ്ങിയ അവശ്യസാധനങ്ങള്‍ ലഭ്യമാക്കേണ്ട ചുമതല തിരുവല്ല നഗരസഭയ്ക്കാണ്. മരുന്നുകളും മറ്റും ആരോഗ്യവിഭാഗവും ഒരുക്കും. 

കോഴഞ്ചേരി  താലൂക്കിലെ തൈക്കാവ് ഗവ. എച്ച്.എസ്.എസ്, കുമ്പഴ മൗണ്ട്ബദനി എന്നിവിടങ്ങളിലായാണു നിരീക്ഷണത്തിലുള്ള അതിഥി തൊഴിലാളികള്‍, നിരാശ്രയരായവര്‍ എന്നിവരെ പാര്‍പ്പിക്കുക. റാന്നി, കോന്നി, അടൂര്‍, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ ഈ രണ്ടു വിഭാഗക്കാര്‍ക്കും അവര്‍ക്കായി സജ്ജമാക്കിയിരിക്കുന്ന         സ്‌കൂളുകളില്‍ പ്രത്യേകം പ്രത്യേകം ബില്‍ഡിംഗുകളിലാണു താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം, വെള്ളം, അവശ്യസാധനങ്ങള്‍ എന്നിവ അതത് തദ്ദേശ സ്വയംഭരണസ്ഥാനങ്ങളും മരുന്നും മറ്റും ആരോഗ്യവിഭാഗവും ഒരുക്കി നല്‍കും. ഓരോ താലൂക്കുകളിലേയും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരാണ് ഇതിന്റെ നോഡല്‍ ഓഫീസര്‍മാരായി ചുമതല വഹിക്കുക. 

ജില്ലയിലെ അതിഥി തൊഴിലാളികള്‍ അവര്‍ എവിടെയാണോ താമസിച്ചുവരുന്നത് അവിടെ തന്നെ തുടരേണ്ടതാണ്. സ്‌പോണ്‍സര്‍ ഉള്ള തൊഴിലാളികളുടെ ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്‌പോണ്‍സണ്‍മാര്‍ വഹിക്കണം.