കരുതലോടെ ഭക്തര്‍ക്ക് കൈത്താങ്ങായി ദേവസ്വം ബോര്‍ഡും ജല അതോറിട്ടിയും

post

* ദാഹമകറ്റാന്‍ സൗജന്യ ചുക്ക് വെള്ളം വിതരണം

* പമ്പയില്‍ പുതിയതായി കിയോസ്‌കുകള്‍ സജ്ജം

സന്നിധാനത്തും കാനനപാതയിലും തീര്‍ഥാടകര്‍ക്കു കുടിവെള്ളവും ബിസ്‌ക്കറ്റും ഉറപ്പാക്കി അധികൃതര്‍. തിരുസന്നിധിയിലേക്കുള്ള യാത്രയില്‍ ഭക്തജനങ്ങള്‍ക്ക് ആശ്വാസമായി ജല അതോറിട്ടിയുടെ പമ്പാ തീര്‍ഥം കുടിവെള്ള പദ്ധതിയും ദേവസ്വം ബോര്‍ഡിന്റെ സൗജന്യ ചുക്കുവെള്ളം പദ്ധതിയും പൂര്‍ണമായും സജീവം.

പമ്പ- സന്നിധാനം കാനന പാതയുടെ ഇരുവശങ്ങളിലായി സ്ഥാപിച്ച ടാപ്പുകള്‍ വഴി ശുദ്ധീകരിച്ച കുടിവെള്ളമാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കുടിവെള്ളത്തിനായി അടിയന്തര കിയോസ്‌കുകളും സജീവമാണ്.

ഇതിനു പുറമേ ദേവസ്വം ബോര്‍ഡ് നടപ്പന്തലിലും ക്യൂ കോംപ്ലക്സുകളിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലാ പരിസരങ്ങളിലും ചുക്ക് വെള്ളവും ബിസ്‌ക്കറ്റുമായി സജ്ജം. 24 മണിക്കൂറും സൗജന്യമായി രാമച്ചവും കരിങ്ങാലിയും ഉള്‍പ്പെടെയുള്ള ഔഷധ ചേരുവകള്‍ അടങ്ങിയ തിളപ്പിച്ച ചുക്കുവെള്ളമാണ് ഒരിക്കിയിരിക്കുന്നത്.


പമ്പ മുതല്‍ സന്നിധാനം വരെ 106 കിയോസ്‌കുകളിലായാണ് ജല അഥോറിറ്റി സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പമ്പയില്‍ നിന്നും ശേഖരിച്ച വെള്ളം ആര്‍.ഒ (റിവേഴ്സ് ഓസ്മോസിസ്) പ്ലാന്റുകള്‍ വഴി ശുദ്ധീകരിച്ചാണ് എത്തിക്കുന്നത്. ടാങ്കുകള്‍ക്ക് ഒരു മണിക്കൂറില്‍ മുപ്പതിനായിരം ലിറ്റര്‍ ശേഷിയുണ്ട്. നിലയ്ക്കലില്‍ ശുദ്ധീകരിച്ച വെള്ളവും മറ്റ് ആവശ്യങ്ങള്‍ക്കുള്ള വെള്ളവും ടാങ്കര്‍ ലോറിയിലൂടെ വിതരണം ചെയ്യുന്നു.

പമ്പ, കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡ്, നീലിമലയുടെ അടിവാരത്തും മുകളിലും, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം എന്നിവിടങ്ങളിലുമാണ് ജല അഥോറിറ്റിയുടെ കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലായി ആകെ പതിനെട്ട് ലക്ഷം ലിറ്ററോളം സംഭരണശേഷിയോടെ കുടിവെള്ളം സജ്ജമാണ്. വാട്ടര്‍ അഥോറിറ്റിയുടെ 250 ല്‍ലധികം ജീവനക്കാരും ദേവസ്വം ബോര്‍ഡിന്റെ 300 ല്‍ലധികം ജീവനക്കാരും വളന്റിയര്‍മാരും പൂര്‍ണ്ണ സജ്ജം. കഠിനമായ തണുപ്പിനെയും ശാരീരിക അസ്വാസ്ഥ്യങ്ങളെയും അതിജീവിച്ചു കാനനപാതയിലൂടെ പതിനായിരക്കണക്കിനു ഭക്തജനങ്ങളെത്തുമ്പോള്‍ ജീവനക്കാരും വോളന്റിയര്‍മാരും കുടിവെള്ളവുമായി നടപ്പാതയില്‍ കൂടെയുണ്ട്.