കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്റ്റേ പാസ്സ് വിതരണം പരിഷ്‌കരിച്ചു

കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റേ പാസ്സ് വിതരണം പരിഷ്‌കരിച്ചു. നിലവില്‍ ഒരു രോഗിയെ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുമ്പോള്‍ കൂട്ടിരിപ്പുകാര്‍ക്ക് ഒരു സ്റ്റേ പാസ്സ് നൽകും. രോഗി ആശുപത്രി വാസം അവസാനിച്ചു പോകുന്നത് വരെ ഈ പാസ്സിന് കാലാവധി നൽകിയിരുന്നു. എന്നാല്‍ പുതുതായി ക്രമീകരിച്ചിട്ടുള്ള സ്റ്റേ പാസ്സ് സംവിധാനത്തില്‍ ഓരോ ആഴ്ചയും വിവിധ നിറത്തിൽ സ്റ്റേ പാസ്സ് നൽകുന്നതായിരിക്കും.
ഒരാഴ്ച്ചക്കാലം മാത്രമായിരിക്കും സ്റ്റേ പാസ്സ് കാലാവധി നല്‍കുക. ഞാറാഴ്ച്ചകളില്‍ ആരംഭിച്ച് ശനിയാഴ്ച്ചയില്‍ അവസാനിക്കുന്ന പാസ്സ് ഓരോ ആഴ്ച്ചയിലും വ്യത്യസ്ത കളര്‍ കോഡ് സംവിധാനത്തിലാണ് നല്‍കുക. അനധികൃതമായി സ്റ്റേ പാസ്സ് കൈവശം സൂക്ഷിച്ച് ആശുപത്രിയില്‍ കടന്നു കൂടുന്നവരെയും സാമൂഹ്യ വിരുദ്ധരെയും തടയുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആശുപത്രി ജീവനക്കാരുടെയും സുരക്ഷാ ഉറപ്പുവരുത്തുന്നതിനാണ് വര്‍ണാധിഷ്ടിത, വാരാധിഷ്ടിത സ്റ്റേ പാസ്സ് സംവിധാനം നടപ്പിലാക്കുന്നത്.