ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാം: പൊതുപരീക്ഷ 10ന്

post

5977 പേര്‍ പരീക്ഷയെഴുതും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാമിലൂടെ ആലപ്പുഴ ജില്ലയില്‍ 5977 പേര്‍ പരീക്ഷയെഴുതും. ഡിസംബര്‍ 10നാണ് 'മികവുത്സവം' സാക്ഷരത പരീക്ഷ. വാചികം, എഴുത്ത്, ഗണിതം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായിട്ടാണ് പരീക്ഷ.

പഠിതാക്കള്‍ക്ക് ആശങ്കയില്ലാതെ ഉത്സവച്ഛായയില്‍ പരീക്ഷ നടത്തുക എന്നതാണ് ലക്ഷ്യം. 187 കേന്ദ്രങ്ങളിലാണ് പരീക്ഷ. ജില്ലയില്‍ 187 വോളണ്ടറി അധ്യാപകരാണ് സാക്ഷരത ക്ലാസുകള്‍ നയിച്ചത്. സാക്ഷരതാ പാഠാവലിയ്ക്ക് പുറമെ ഡിജിറ്റല്‍ മെറ്റീരിയലുകളും പഠനത്തിന് ഉപയോഗിച്ചു.

പരീക്ഷാ കേന്ദ്രത്തിലേക്ക് എത്താന്‍ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. തുറവൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 261 പേരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് കടക്കരപ്പള്ളിയിലാണ്. മൂന്ന് പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്. മാവേലിക്കര നഗരസഭയില്‍ 196 പേരും ഹരിപ്പാട് 53 പേരും പരീക്ഷ എഴുതും.