സേവനം വെളിച്ചമാക്കി വടശേരിക്കര വൈദ്യുതി സെക്ഷന്‍

post

പത്തനംതിട്ട: കോവിഡും കൊറോണയുമൊന്നും പ്രശ്‌നമാക്കാതെ സേവനം വെളിച്ചമാക്കി മാറ്റുകയാണു വടശ്ശരിക്കര വൈദ്യുതി സെക്ഷന്‍. ലോകമാകെ കോവിഡ് 19 ഭീതിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമ്പോഴും ഇരുട്ടും ശക്തമായ മഴയില്‍ തകര്‍ന്നുവീഴുന്ന മരങ്ങളുമൊന്നും തങ്ങളുടെ ജോലിക്കു തടസമല്ലെന്നു തെളിയിച്ചു രാവുംപകലും നോക്കാതെ കര്‍മ്മനിരതമായ സേവനത്തിലാണ് ഇവിടുത്തെ ഒരുകൂട്ടം ജീവനക്കാര്‍. 

വൈകുന്നേരങ്ങളിലെ ശക്തമായ മഴയെതുടര്‍ന്നു മരങ്ങള്‍ ഒടിഞ്ഞുവീഴുന്നതും വൈദ്യുതിബന്ധം വേര്‍പെടുന്നതും പതിവാകുകയാണ്. ഈ സമയത്താണ് ഒരു ബാച്ചിലുള്ള ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് ഡ്യൂട്ടി തീരുന്നതും അടുത്ത ബാച്ചിന്റെ ഡ്യൂട്ടി ആരംഭിക്കുന്നതും. എന്നാല്‍ പേമാരിയെ തുടര്‍ന്നുള്ള അപകടം മനസിലാക്കിയാല്‍ പിന്നെ ബാച്ചും ഷിഫ്റ്റും ഡ്യൂട്ടിസമയവും മലയോര മേഖലയിലെ സഞ്ചാര തടസവും ഒന്നും നോക്കാതെ എല്ലാവരും ഒത്തുചേരുകയായി. ഒരു ജനതയെ കോവിഡ് 19 ന്റെ ഇരുളില്‍  നിന്നും  ജീവിതവെളിച്ചത്തിലേക്കു കൈപിടിച്ചുയര്‍ത്തുന്നതിനായി സര്‍ക്കാരും ജില്ലാഭരണകൂടവും നടത്തുന്ന തീവ്രയത്‌ന പരിപാടികളില്‍ പങ്കാളികളായി വെളിച്ചം ലക്ഷ്യമാക്കി അവരും ഇരുളിലേക്ക് ഇറങ്ങുകയാണ്.

മിക്കപ്പോഴും ടോര്‍ച്ചിന്റെ സഹായത്തോടെയാണു മരങ്ങള്‍ മുറിച്ചുമാറ്റുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ച് അര്‍ദ്ധരാത്രിയായാലും പരമാവധി സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു നല്‍കുന്നതില്‍ ജീവനക്കാര്‍ ഒരു മടിയും കാണിക്കാറില്ലെന്ന് അസി. എന്‍ജിനിയര്‍ ഒ. ദിപു പറയുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ വൈദ്യുതി തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ ജോലിക്ക് എത്താറുണ്ടെന്നതാണ് ഇവരുടെ പ്രവര്‍ത്തന വിജയം.