സാമ്പത്തിക സെന്‍സസ്: അവലോകനയോഗം ചേര്‍ന്നു

post

ഏഴാമത് സാമ്പത്തിക സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഇടുക്കി ജില്ലാതല അവലോകനയോഗം സംഘടിപ്പിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) ജോളി ജോസഫിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റിസര്‍ച്ച് ഓഫീസര്‍ അജീഷ് ജോസഫ് സര്‍വെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിഗതികള്‍ വിലയിരുത്താനും വരുംകാലയളവിലെ വികസന പദ്ധതികളും സാമ്പത്തിക വളര്‍ച്ചാസാധ്യതകളും മൂന്‍കൂട്ടി വിലയിരുത്താനും രാജ്യത്താകമാനം നടത്തുന്ന സര്‍വെയാണ് സാമ്പത്തിക സെന്‍സസ്.

ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രൊവിഷണല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനും കോമണ്‍ സര്‍വീസ് സെന്ററുകളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. രണ്ടാംഘട്ട സൂപ്പര്‍വിഷന്‍ ചുമതല സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിനും നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസിനുമാണ്. കോമണ്‍ സര്‍വീസ് സെന്റര്‍ അവതരിപ്പിച്ച ജില്ലാതല പ്രൊവിഷണല്‍ റിപ്പോര്‍ട്ടില്‍ നിരവധി അപാകതകള്‍ നിലനില്‍ക്കുന്നതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്ന അപാകതകള്‍ യോഗം ചര്‍ച്ച ചെയ്തു. അപാകതകള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രൊവിഷണല്‍ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ്, സീനിയര്‍ സുപ്രണ്ട് ജോമോന്‍ കെ, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ പി. എ സുനി, സെന്‍സസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.