നവകേരളസദസിനായി ആറന്മുള മണ്ഡലത്തില്‍ മികച്ച ക്രമീകരണങ്ങള്‍

നവകേരളസദസിനായി പത്തനംതിട്ട ആറന്മുള മണ്ഡലത്തില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കാൻ മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. നവകേരളസദസുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആറന്മുളമണ്ഡലത്തിലെ സംഘാടകസമിതി എക്സിക്യൂട്ടീവ് യോഗത്തില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു. ഡിസംബര്‍ 16, 17 തീയതികളിലാണ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കുന്നത്. 17 ന് രാവിലെ 11-നാണ് ആറന്മുള മണ്ഡലത്തിലെ സദസ്. പങ്കെടുക്കുന്നവര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാനുള്ള സൗകര്യം ഒരുക്കണം. മെഡിക്കല്‍ ടീം സജ്ജമായിരിക്കണം. പരാതി സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകള്‍ സജ്ജീകരിക്കണം. പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
നവകേരളസദസുമായി ബന്ധപ്പെട്ടുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആറന്മുളമണ്ഡലത്തില്‍ ആരംഭിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഭാതചര്‍ച്ചയില്‍ വിവിധമേഖലകളില്‍ നിന്നും ക്ഷണിക്കപ്പെട്ട 200 വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നും കലാപരിപാടികളെയും സ്വീകരണത്തെക്കുറിച്ചും തീരുമാനിക്കാനായി ഡിസംബര്‍ ഒന്നിന് സബ്കമ്മറ്റി ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ജില്ലാ കളക്ടര്‍ എ. ഷിബു, എഡിഎം ബി രാധാകൃഷ്ണന്‍, മുന്‍ എംഎല്‍എമാരായ എ.പദ്മകുമാര്‍, കെ. സി രാജഗോപാല്‍, ആറന്മുള മണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.