മലബാർ മിൽമ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം മന്ത്രി നിർവഹിച്ചു

post

പാൽ ഉത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കൽ സർക്കാർ ലക്ഷ്യം - മന്ത്രി ജെ ചിഞ്ചുറാണി

മലബാർ മിൽമ വിപണിയിലിറക്കുന്ന വിവിധ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. പാൽ ഉത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കലാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ക്ഷീരകർഷകരുടെ ഉത്പാദന ചെലവ് കുറയ്ക്കുന്നതിനായി തീറ്റപ്പുൽ കൃഷിക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും ഏർപ്പെടുത്തുന്നതോടെ ക്ഷീര മേഖലയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാൻ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ക്ഷീര കർഷകർക്ക് പിന്തുണ നൽകി സംസ്ഥാനത്ത് പാൽ ഉത്പാദനം മെച്ചപ്പെടുത്താനുള്ള തീവ്രമായ പരിശ്രമമാണ് വരും ദിവസങ്ങളിൽ ഏറ്റെടുക്കുകയെന്നും മന്ത്രി പറഞ്ഞു.

പ്രകൃതിദത്തമായ രുചിയും കളറും ചേർന്ന ചിക്കു, പിസ്ത, ചോക്ലേറ്റ് എന്നീ ഐസ്ക്രീമുകൾ, മാറുന്ന ജീവിതശൈലിക്കനുസൃതമായി മാംഗോ, പൈനാപ്പിൾ രുചികളിലുള്ള ഷുഗർ ഫ്രീ യോഗേർട്ടുകൾ, മിൽമ നെയ്യ് ഉപയോഗിച്ച് നിർമ്മിച്ച കോഫീകേക്ക് എന്നിവയാണ് പുതുതായി മിൽമ പുറത്തിറക്കുന്നത്.

മിൽമ ചെയർമാൻ കെ.എസ് മണി അധ്യക്ഷത വഹിച്ചു. പി ടി എ റഹീം എം എൽ എ മുഖ്യാതിഥിയായി. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബിത തോട്ടഞ്ചേരി, കെസിഎംഎംഎഫ് ഡയറക്ടർ ശ്രീനിവാസൻ പി, മലബാർ മിൽമ ഡയറക്ടർ ഇൻചാർജ് കെ സി ജയിംസ്, മിൽമ ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.