സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം മന്ത്രി നിർവഹിച്ചു

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു കൊടുക്കുക എന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി വീടില്ലാത്ത രണ്ട് വിദ്യാർത്ഥികൾക്ക് പെരുമണ്ണ പഞ്ചായത്തിലെ തുമ്പോളി മീത്തലിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഉൾപ്പെടെ എല്ലാവരും ഒരേ മനസ്സോടെ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഈ സ്വപ്നം യാഥാർത്ഥ്യമായത്. ജനങ്ങൾ ഒരുമയോടെ പ്രവർത്തിക്കാൻ തയ്യാറായാൽ അസാധ്യമെന്ന് കരുതുന്ന ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാനും ജനങ്ങൾക്ക് നന്മ ചെയ്യാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഓരോ വിദ്യാഭ്യാസ ഉപജില്ലയിലെയും ഏറ്റവും നിർദ്ധനരും ഭവനരഹിതരുമായ കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു കുട്ടിക്ക് വീടുവെച്ചു നൽകുന്ന സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന പദ്ധതിയാണ് സ്നേഹഭവനം.