ആദ്യം നമുക്ക് ജീവിച്ചിരിക്കാം.. പിന്നീടാവാം ജോലി, ... ' ഹൃദയപക്ഷം നിയമപാലകന്റെ വാക്കുകള്‍

post

ഇടുക്കി : ആദ്യം നമുക്ക് ജീവിച്ചിരിക്കാം.... പിന്നീടാവാം ജോലി, അവശ്യസാധനങ്ങള്‍ ഞങ്ങള്‍ എത്തിച്ചു തരാം ...കമ്പംമേട് പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുനില്‍കുമാറിന്റെ വാക്കുകളാണിത്.കേരളം ഒറ്റക്കെട്ടായി കോവിഡ് 19 എന്ന മഹാവിപത്തിനെതിരെ പൊരുതുമ്പോള്‍ അതിര്‍ത്തി മേഖലയിലെ പോലീസ് സ്റ്റേഷനായ കമ്പംമേട് പോലീസ് സ്റ്റേഷനിലെ ഒരു കൂട്ടം പോലീസുകാര്‍ കാടും മലയും കയറിയിറങ്ങി തൊഴിലാളി വീടുകളില്‍ സഹായമെത്തിക്കുകയാണ്. കൂലിപ്പണി ചെയ്ത് അന്നന്നത്തെ അന്നം കണ്ടെത്തുന്നവര്‍ക്ക് കരുതലാവുകയാണ് ഈ നിയമപാലകര്‍. അപ്രതീക്ഷിതമായി വീടുകളിലെത്തിയ പോലീസിനെ കണ്ട് വീട്ടുകാര്‍ ആദ്യം ആകുലരായെങ്കിലും പോലീസുകാരുടെ വിശദീകരണം കേട്ടപ്പോള്‍ അവരുടെ കണ്ണു നിറഞ്ഞു.പണിക്കു പോയില്ലെങ്കില്‍ വീട്ടില്‍ അടുപ്പു പുകയില്ലെന്ന് ഉറപ്പുള്ളവര്‍ക്ക്  എങ്ങനെ  ലോക്ക് ഡൗണില്‍  വീട്ടിലിരിക്കാനാകും. ഇത് മനസിലാക്കിയാണ് നിയമപാലകര്‍ മറ്റൊരു രീതിയില്‍ നിയമം നടപ്പിലാക്കുന്നത്.

പോലീസ് വിശദീകരിക്കുന്നതിങ്ങനെ, 'പണിക്കു പോകുന്നുണ്ടന്നൊക്കെ ഞങ്ങള്‍ക്കറിയാം....പക്ഷെ നാളെ മുതല്‍ പോകേണ്ട .... ഞങ്ങളുണ്ട്... സര്‍ക്കാരുണ്ട് നിങ്ങള്‍ക്കൊപ്പം... എന്താവശ്യമുണ്ടേലും വിളിക്കൂ.. ഈ ഫോണ്‍ നമ്പര്‍ കുറിച്ച് വയ്ക്കൂ.. വിളിപ്പുറത്തുണ്ട് ഞങ്ങള്‍... ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹായവും വീട്ടിലെത്തിച്ചു നല്‍കും' .  കമ്പംമെട്ട് പോലീസിന്റെ ഈ വാക്കുകള്‍ പാവങ്ങള്‍ക്ക് നല്കുന്ന കരുത്ത് വളരെ വലുതാണ്. ഇത്തരത്തില്‍ അവശ്യസാധനങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സാധനങ്ങള്‍ ലഭ്യമാക്കി വീടുകളില്‍ എത്തിച്ചു നല്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പംമെട്ട് സി ഐ ജി.സുനില്‍കുമാര്‍ വ്യക്തമാക്കി.