അടിമാലിക്ക് ആഘോഷദിനങ്ങൾ; കേരളോത്സവത്തിന് തുടക്കമായി

post

ഇടുക്കി ജില്ലയിലെ അടിമാലി ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായി വിവിധ കലാ-കായിക മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമായി നടക്കുക. 15നും 40നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് കലാ-കായികപരമായ കഴിവുകള്‍ പ്രകടപ്പിക്കുവാനുള്ള അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ത്രിതല പഞ്ചായത്ത് തലത്തിൽ കേരളോത്സവം സംഘടിപ്പിക്കുന്നത്.

അടിമാലിയിലെ വിവിധ മൈതാനങ്ങൾ കേന്ദ്രീകരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് . അടിമാലി സർക്കാർ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം, എം.ബി കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം, അടിമാലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ മത്സരം എന്നിവ അരങ്ങേറി.


അടിമാലി സർക്കാർ ഹൈസ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ജിന്‍സി മാത്യു, എം എസ് ചന്ദ്രൻ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു.