വിസ്മയമായി അടിമാലിയിലെ 'നീലക്കുറിഞ്ഞി' ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം
പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സവിശേഷതകള്‍ പരിചയപ്പെടുത്തി അടിമാലി ഗവ.ഹൈസ്‌കൂളിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള 'നീലക്കുറിഞ്ഞി' ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം. ഹരിതകേരളം മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി അടിമാലി ഗവ.ഹൈസ്‌കൂളിനോട് ചേര്‍ന്ന് ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം ഒരുക്കിയിട്ടുള്ളത്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും എത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രദേശത്തെ ജൈവവൈവിധ്യ സവിശേഷതകളെക്കുറിച്ച് അറിവ് പകര്‍ന്നു നല്‍കുകയാണ് നീലക്കുറിഞ്ഞി പദ്ധതിയുടെ ലക്ഷ്യം.
പ്രാദേശിക ഗോത്ര സംസ്‌കാരത്തെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുന്ന ജൈവവൈവിധ്യ കേന്ദ്രത്തിന്റെ സേവനം പഠന-വിനോദ യാത്രികര്‍ക്ക് പ്രയോജനപ്പെടും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് നീലക്കുറിഞ്ഞി കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം. തിങ്കളാഴ്ച അവധിയായിരിക്കും. കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്നവര്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അമ്പത് ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
ജീവസുറ്റ ത്രിമാന മാതൃകകള്‍
മുള കൊണ്ട് നിര്‍മിച്ച ഗേറ്റും മുള കൈവരികളും പുല്ല് മേഞ്ഞ കുടില്‍ മാതൃകയില്‍ നിര്‍മിച്ച പ്രവേശന കവാടവും ജൈവവൈവിധ്യ കേന്ദ്രത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാകും. പ്രവേശന കവാടം പിന്നിട്ട് ചെല്ലുന്നത് ഭീമന്‍ ചിതല്‍ പുറ്റിലേക്കാണ്. ചിതല്‍പുറ്റിനുള്ളിലൂടെ നിര്‍മിച്ചിരിക്കുന്ന തുരങ്കം ഇറങ്ങിചെല്ലുന്നത് ജൈവ വൈവിധ്യങ്ങളുടെ അറിവ് പകരുന്ന ലോകത്തേക്കാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെ പരിസ്ഥിതി, നിത്യ ഹരിതവനങ്ങള്‍, മലമുഴക്കി വേഴാമ്പല്‍, രാജമലയിലെ പാറക്കെട്ടുകളുടെയും വരയാടുകളുടെയും മലയണ്ണാന്റെയും ത്രിമാന മാതൃകകള്‍ തുടങ്ങി നിരവധി വിസ്മയ കാഴ്ചകളാണ് ജൈവവൈവിധ്യ കേന്ദ്രത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ആദിവാസി ഗോത്രജീവിതത്തിന്റെ സവിശേഷതകള്‍ തൊട്ടറിയാന്‍ കഴിയുംവിധത്തില്‍ അത്യന്തം സൂഷ്മതയോടെ സജ്ജീകരിച്ച മുതുവാന്‍ വിഭാഗത്തിന്റെ വീടും ദൈനംദിനാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കുട്ട, മുറം, ചെല്ലം, പരമ്പ്, മുളകര കല്ല്, തിരികല്ല്, മീന്‍കൂട തുടങ്ങി വിവിധയിനം വീട്ടുപകരണങ്ങളും കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണമാണ്. ഗോത്രജീവിതത്തെക്കുറിച്ച് കൂടുതലറിയാന്‍ സഹായിക്കുന്ന പാനലുകളും ഒരുക്കിയിട്ടുണ്ട്.
ത്രിമാന ഭൂപടം
ഇടമലക്കുടി, മീശപ്പുലിമല, ഇരവികുളം ദേശീയോദ്യാനം, വട്ടവട, മറയൂര്‍, മാങ്കുളം, ചിന്നാര്‍, കുറിഞ്ഞിമല, പാമ്പാടുംചോല, മതികെട്ടാന്‍ചോല തുടങ്ങി മൂന്നാറിലെ 15 ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തിയ ത്രിമാന ഭൂപടം ഇവിടെയുണ്ട്. ഈ ഭൂപടത്തിനു ചുറ്റിലും ക്രമീകരിച്ചിട്ടുള്ള പാനലുകളില്‍ നിന്നും ഈ പ്രദേശങ്ങളെ സംബന്ധിച്ച അധികവിവരങ്ങള്‍ മനസിലാക്കാം.
വിജ്ഞാനം പകരുന്ന ഡിസ്പ്ലേകള്‍
മൂന്നാറിന്റെ സമൃദ്ധവും സമ്പന്നവുമായ ജൈവവൈവിധ്യത്തിലേയ്ക്ക് വാതില്‍ തുറക്കുന്ന 25 ഡിസ് പ്ലേ പാനലുകള്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ആവാസ വ്യവസ്ഥാ വൈവിധ്യം, കാര്‍ഷിക ജൈവവൈവിധ്യം, സാംസ്‌കാരിക സമ്പന്നത, നിര്‍ബന്ധമായും കണ്ടിരിക്കേണ്ട പ്രദേശങ്ങള്‍ തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്നവയാണിവ.
ടച്ച് സ്‌ക്രീന്‍ കിയോസ്‌കുകള്‍
സന്ദര്‍ശകര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന രണ്ട് ഇന്ററാക്ടീവ് ടച്ച് സ്‌ക്രീന്‍ കിയോസ്‌കുകള്‍ കേന്ദ്രത്തിലൊരുക്കിയിട്ടുണ്ട്. ഈ സ്‌ക്രീന്‍ കിയോസ്‌കുകളിലുള്ള 50 വീഡിയോകള്‍, പ്രശ്നോത്തരികള്‍, ഗെയിമുകള്‍ തുടങ്ങിയവയിലൂടെ മൂന്നാര്‍ ഭൂപ്രദേശത്തിന്റെ വൈവിധ്യത്തെക്കുറിച്ചും സംസ്‌കൃതിയെക്കുറിച്ചും ഉത്തരവാദിത്ത വിനോദസഞ്ചാരത്തിന്റെ ആവശ്യകതയെകുറിച്ചും സന്ദര്‍ശകര്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുന്നു.
വിസ്മയമൊരുക്കി ഛായാ ചിത്രങ്ങള്‍
മൂന്നാര്‍ ഭൂപ്രകൃതിയില്‍ കാണപ്പെടുന്ന വിവിധ സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, തുടങ്ങിയവയുടെ ജീവന്‍ തുടിക്കുന്ന ഛായാ ചിത്രങ്ങളാണ് ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ പുറംചുവരുകളെ അലങ്കരിച്ചിരിക്കുന്നത്. സസ്തനികള്‍, മനോഹാരികളായ പക്ഷികള്‍, അപൂര്‍വ്വ ഉരഗങ്ങള്‍, ഉഭയജീവികള്‍, വിവിധയിനം ചിത്രശലഭങ്ങള്‍, അപൂര്‍വ തുമ്പികള്‍, ഓര്‍ക്കിഡുകള്‍, ബാല്‍സമുകള്‍ തുടങ്ങി അനേകം സസ്യജന്തുജാലങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ മൂന്നാറിന്റെ നേരനുഭവം പകര്‍ന്നു നല്‍കും.
ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ജൈവവൈവിധ്യങ്ങളുടെ അറിവ് നല്‍കുന്നതിനൊപ്പം അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം കൂടിയാണ് ബോധ്യപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിയെയും ജൈവവൈവിധ്യ സമ്പത്തിനെ കുറിച്ചും കൂടുതല്‍ ധാരണയുണ്ടാക്കാന്‍ ഉതകുന്ന തരത്തിലാണ് ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. അതീവഗുരുതര വംശനാശഭീഷണി നേരിടുന്ന മുന്നൂറിലധികം ജീവജാലങ്ങളുടെ അഭയകേന്ദ്രമാണ് പശ്ചിമഘട്ടം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യ സമ്പത്ത് സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. അപൂര്‍വ്വമായ നിരവധി ജീവജാലങ്ങളുടെ ഈറ്റില്ലമാണ് പശ്ചിമഘട്ടമെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ പട്ടയ-ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിയമഭേദഗതിയിലൂടെ കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ചെറുതും വലുതുമായ നിര്‍മ്മിതികള്‍ നിയമഭേദഗതിയിലൂടെ ക്രമവത്കരിക്കാന്‍ സാധിച്ചു. വിദ്യാഭ്യാസ-ആരോഗ്യ-ടൂറിസം മേഖലകളിലടക്കം ജില്ല വികസന രംഗത്ത് മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ആശയവും രൂപകല്പനയും നിര്‍വഹിച്ച ഡോ.സുജിത്തിനെയും കൈലാഷിനെയും മന്ത്രി ആദരിച്ചു.