കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവത്തിന് നടൻ മമ്മൂട്ടി തുടക്കം കുറിച്ചു

post

കളമശ്ശേരിയുടെ കാർഷിക പ്രൗഢി വിളിച്ചോതി കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവത്തിന് ആവേശോജ്വല തുടക്കം. കളമശ്ശേരിയുടെ നിരത്തിൽ വൈവിധ്യങ്ങൾ നിറച്ചുകൊണ്ട് കളമശ്ശേരി നഗരസഭ മുതൽ ഉദ്ഘാടന വേദി വരെ വർണ്ണാഭമായ ഘോഷയാത്ര കാർഷികോത്സവത്തിന് മുന്നോടിയായി നടന്നു. നടൻ മമ്മൂട്ടി കുരുത്തോലനാട മുറിച്ചുകൊണ്ട് കാർഷികോത്സവത്തിന് തുടക്കം കുറിച്ചു.

വ്യക്തികളിലെ കാർഷിക താൽപര്യങ്ങളെ പരിപോഷിപ്പിക്കണമെന്നും ഓരോരുത്തരിലുമുള്ള കർഷകനെ പുനരിജ്ജീവിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. വായു, വെള്ളം എന്നിവ കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യം ഭക്ഷണത്തിനാണ്. എന്നാൽ നമുക്ക് സ്ഥല പരിമിതിയുണ്ട്. ലഭ്യമായ സ്ഥലത്ത് നമ്മൾ തന്നെ ശ്രമിച്ചാൽ നമുക്കുള്ളത് ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.

കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ കാർഷിക മേഖലയിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി എന്നത് പുറത്ത് വ്യവസായ മേഖലയായിട്ടാണ് അറിയപ്പെടുന്നത് എങ്കിലും കാർഷിക മേഖലയ്ക്ക് ഉചിതമായ അന്തരീക്ഷമാണ് മണ്ഡലത്തിലുള്ളത്. ആയിരത്തിലധികം ഏക്കർ തരിശുഭൂമി കൃഷിയിലേക്ക് കൊണ്ടുവരാൻ സാധിച്ചതായി മന്ത്രി വ്യക്തമാക്കി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സഹകരണ ബാങ്കുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാർഷിക മേഖലയ്ക്കായി ഒന്നിച്ചുനിന്നു. കലാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായി. ഒരുകാലത്ത് ഏറെ പ്രസിദ്ധമായിരുന്ന ആലങ്ങാടൻ ശർക്കര 2024 ൽ വിപണിയിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

നടൻ മമ്മൂട്ടിയും മന്ത്രി പി രാജീവും ചേർന്ന് വൃക്ഷത്തൈ നട്ടു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിൽ നടന്ന ഫ്ലോട്ടുകൾ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. പുലികളി, തെയ്യം, പഞ്ചവാദ്യം, വനിതകളുടെ ശിങ്കാരിമേളം, തുടങ്ങിയ ദൃശ്യ ശ്രാവ്യ മനോഹാരിതയോടെയായിരുന്നു ഘോഷയാത്ര. തിരുവനന്തപുരം ഓർഗാനിക് തിയറ്ററിന്റെ കടമ്പൻ മൂത്താനും ഘോഷയാത്രയിൽ അണിചേർന്നു.

ഘോഷയാത്രയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സഹകരണ സംഘങ്ങൾക്കും ഉള്ള സമ്മാനദാനം ചടങ്ങിൽ മന്ത്രി പി രാജീവ് നിർവഹിച്ചു. പഞ്ചായത്ത് മുൻസിപ്പാലിറ്റി തലത്തിൽ ഒന്നാം സ്ഥാനം കുന്നുകര പഞ്ചായത്ത്, രണ്ടാം സ്ഥാനം ആലങ്ങാട് പഞ്ചായത്ത്, മൂന്നാം സ്ഥാനം ഏലൂർ നഗരസഭയും കരസ്ഥമാക്കി. സഹകരണ സംഘങ്ങളിൽ ഒന്നാം സ്ഥാനം കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് കോർപ്പറേറ്റീവ് ബാങ്ക്, രണ്ടാം സ്ഥാനം ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക്, മൂന്നാം സ്ഥാനം ഏലൂർ സർവീസ് സഹകരണ ബാങ്കും കരസ്ഥമാക്കി.

കളമശ്ശേരിയുടെ കാർഷിക പാരമ്പര്യം വിളിച്ചോതുന്ന തരത്തിൽ വൈവിധ്യമായ വിപണന പ്രദർശന കലാസാംസ്കാരിക പരിപാടികളാണ് വരും ദിവസങ്ങളിൽ കാർഷികോത്സവത്തിന്റെ ഭാഗമായി നടക്കുക. വ്യവസായം, ടൂറിസം, കൃഷി, സഹകരണം തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും സ്റ്റാളുകൾ മേളയിലുണ്ട്. കളമശ്ശേരി മണ്ഡലത്തിലെ കൃഷിയിടങ്ങളിൽ ഉത്പാദിപ്പിച്ച വിഭവങ്ങൾ വിൽപനക്കെത്തിക്കാൻ വഴിയൊരുക്കുന്ന നാട്ടുചന്തയാണ് കാർഷികോത്സവത്തിന്റെ പ്രത്യേക ആകർഷണം. സമീകൃതാഹാരം, ചക്ക, കിഴങ്ങ്, അരി - ഗോതമ്പ്, മില്ലറ്റ്, ആദിവാസി തനത് വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേളയും മേളയിലുണ്ട്. കേരളത്തിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യ മേളയും സംഘടിപ്പിച്ചിട്ടുണ്ട്.