ടേക്ക് എ ബ്രേക്ക്: അടിമാലിയില്‍ ശുചിമുറി സമുച്ചയം തുറന്നു

ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി ജില്ലയിലെ അടിമാലി ടൗണില്‍ നിര്‍മിച്ച ശുചിമുറി സമുച്ചയം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. അടിമാലി ടൗണില്‍ കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയോരത്ത് സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്തായി 25 ലക്ഷം മുടക്കിയാണ് പുതിയ ശുചിമുറി സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. നിലവില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ അടിമാലി ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ശുചിമുറി സമുച്ചയമാണിത്. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ഡി ഷാജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കൃഷ്ണമൂര്‍ത്തി, കോയ അമ്പാട്ട്, എം.എ അന്‍സാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു പി കുര്യാക്കോസ്, ടി.എസ് സിദ്ധിഖ്, രഞ്ജിത ആര്‍, ദീപ രാജീവ്, മനീഷ് നാരായണന്‍, എം.എസ് ചന്ദ്രന്‍, മേരി തോമസ് എന്നിവര്‍ പങ്കെടുത്തു.