കോവിഡ് 19 പ്രതിരോധം: പാലിയേറ്റീവ് രോഗികള്‍ക്കായി ടെലി മെഡിസിന്‍ യൂണിറ്റ് തുറന്നു

post

ഇടുക്കി : ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളം ഇടുക്കിയുടെ ജില്ലാ പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പരിചരണത്തില്‍ ഉള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി  ടെലി മെഡിസിന്‍ യൂണിറ്റ് ആരംഭിച്ചു. കോവിഡ് 19 രോഗം പകരാന്‍ ഇടയായാല്‍ ഏറ്റവും അധികം അപകടം സംഭവിക്കാന്‍ സാധ്യതയുള്ള പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള രോഗികള്‍ക്കായാണ് യൂണിറ്റ് തുറന്നത്. കിടപ്പുരോഗികള്‍ മിക്കവാറും പ്രായാധിക്യം ഉള്ളവരും ഭൂരിഭാഗവും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരുമാണ്. അതുകൊണ്ട് പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക്  കൊറോണ രോഗം വരാതെ തടയുകയും, ആവശ്യമായ നിര്‍ദ്ദേശങ്ങളും സന്ദേശങ്ങളും നല്‍കുകയും വേണം.  രോഗികള്‍ക്കും പരിചാരകര്‍ക്കുമുള്ള ആശങ്കകള്‍ക്ക് പരിഹാരവും നല്‍കണം. കൂടുതല്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാതെ  ഡോക്ടറുടെ സേവനം വീഡിയോ കോള്‍ വഴിയോ, ഫോണ്‍ കോള്‍ വഴിയോ ലഭ്യമാക്കിയാല്‍ അത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം ആകുകയും ആശുപത്രികളില്‍ എത്തുന്നത് ഒഴിവാക്കുകയും ചെയ്യാനാകും . ഇവ മുന്നില്‍ കണ്ടുകൊണ്ടാണ് ജില്ലാ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ നേതൃത്വത്തില്‍  ജില്ലയിലെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി  ജില്ലാതലത്തില്‍ ടെലി മെഡിസിന്‍ യൂണിറ്റ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍  പ്രവര്‍ത്തനം ആരംഭിച്ചത്.

9847588097 എന്ന നമ്പറില്‍ രാവിലെ 8 മണി മുതല്‍  വൈകിട്ട് 5 മണി വരെ വാട്സ് ആപ് വീഡിയോ കോളുകളും , 7510179891എന്ന നമ്പറില്‍ 24 മണിക്കൂറും  ഫോണ്‍ കോളും ചെയ്യാം . പാലിയേറ്റീവ് കെയറില്‍ പ്രത്യേ പരിശീലനം ലഭിച്ച അല്‍-അസ്ഹര്‍ മെസിക്കല്‍ കോളജിലെ ഡോക്റ്റര്‍മാര്‍  ആണ് യൂണിറ്റ് കൈകാര്യം ചെയ്യുന്നത്.

യൂണിറ്റിന്റെ ഉത്ഘാടനം തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എ.ഷാഹുല്‍ ഹമീദും പാലിയേറ്റീവ് കെയര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.അജി. പി.എന്‍ നും ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുജ ജോസ് അധ്യക്ഷത വഹിച്ചു.  പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിജോ വിജയനാണ്  ടെലി മെഡിസിന്‍ യൂണിറ്റിന്റെ കോര്‍ഡിനേഷന്‍ ചുമതല.