മലയോരത്തിന്റെ മുഖച്ഛായ മാറ്റാൻ വരുന്നു ഫാം ടൂറിസം

post

കാർഷിക പെരുമയുടെ കാര്യത്തിൽ പ്രശസ്തിയാർജിച്ച കോഴിക്കോടിന്റെ മലയോര മേഖല ഫാം ടൂറിസം എന്ന ആശയത്തിലൂടെ ടൂറിസത്തിന്റെയും വിളനിലമാകാൻ ഒരുങ്ങുകയാണ്. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായി കോഴിക്കോട് അഗ്രോ ഫാം ടൂറിസം പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, ഓമശ്ശേരി, തിരുവമ്പാടി എന്നീ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലായി നടപ്പിലാക്കുകയാണ്.

ഒരു നൂതന- പരീക്ഷണ- മാതൃകാ പദ്ധതി എന്ന നിലയിലാണ് ഈ പൈലറ്റ് പ്രൊജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക മേഖലയിൽ പ്രവര്‍ത്തിക്കുന്നവർക്ക് അധിക വരുമാനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ച് കാർഷിക രംഗത്തെ സംരക്ഷിക്കാനും ടൂറിസം മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും പദ്ധതി സഹായകരമാവും. ടൂറിസം രംഗത്തുനിന്നും വരുമാനം കണ്ടെത്തുവാനും സാധാരണ ജനങ്ങളെ സഹായിക്കുവാനുമായാണ് ഇത്തരം ഒരു പദ്ധതി ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.

വിളനാശവും വന്യജീവി ശല്യവും കാരണം ജീവിതം വഴിമുട്ടി സ്തംഭിച്ചു നിൽക്കുന്ന കർഷക ജനതക്ക് ഈ പദ്ധതി ഏറെ ആശ്വാസകരമാകുമെന്നതിന് തർക്കമില്ല. കർഷകന് ന്യായമായ പ്രതിഫലം ഉറപ്പാക്കുക വഴി ഫാം ടൂറിസം ദീർഘകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാനും സാധിക്കും. ടൂറിസം ഉൾപ്പെടെ മിക്കവാറും എല്ലാ മേഖലകളെയും കോവിഡ് ബാധിച്ചപ്പോൾ കൃഷി മേഖല പുതിയ മാനങ്ങൾ കൈവരിച്ചു. കേരളത്തിന്റെ സന്തുലിതമായ കാലാവസ്ഥ, ജൈവവൈവിധ്യം, മഴ എന്നിവ ഇവിടെ കൃഷിയും ടൂറിസവും വളരാൻ സഹായകരമായി.