മലബാർ റിവർ ഫെസ്റ്റിവൽ: പ്രചരണത്തിന് വർണാഭമായ പരിപാടികൾ

post

ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിൽ തുഷാരഗിരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ആവേശത്തുഴയെറിയുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണത്തിന് ഇക്കുറി വർണാഭമായ പരിപാടികൾ. ജൂലൈ 30 ന് വൈകുന്നേരം മൂന്ന് മണിക്ക് കോടഞ്ചേരി മുതൽ പുലിക്കയം വരെ നടത്തുന്ന ട്രയാത്തലോൺ മത്സരം പ്രചരണത്തിന്റെ പ്രധാന ആകർഷണമാവും. സൈക്ലിങ്, മാരത്തോൺ, നീന്തൽ തുടങ്ങിയവയാണ് ട്രയാത്തലോണിൽ ഉൾപ്പെടുക.

പ്രീ ഇവന്റുകളായി 100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് ജില്ലകളിൽ നിന്നുള്ള സൈക്കിൾ റാലിക്ക് ജൂലൈ 30ന് പുലിക്കയത്ത് സ്വീകരണം നൽകും. കക്കാടംപൊയിലിൽ ഓഫ് റോഡ് വാഹന റാലിയും കോടഞ്ചേരിയിൽ ഓഫ് റോഡ് ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും. റെസ്പോൺസിബിൾ ടൂറിസത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റും മഴ നടത്തവും സംഘടിപ്പിക്കും. പെയിന്റിംഗ് പ്രദർശനം, കൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികളും റിവർ ഫെസ്റ്റിവലിന് മാറ്റ് കൂട്ടും. ജൂലൈ 28 ന് ഓമശ്ശേരിയിൽ മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കും.

പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടറുടെ ചേംബറിൽ യോഗം ചേർന്നു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.