കോവിഡ് 19 : കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മിച്ചു കുടുംബശ്രീ

post

ഇടുക്കി: ജില്ലയില്‍ കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മിച്ചു കുടുംബശ്രീ യൂണിറ്റുകള്‍. ജില്ലാ മിഷൻ്റെ കീഴിലുള്ള കുടുംബശ്രീ  സംരഭക യൂണിറ്റുകളാണ് മാസ്‌ക് നിര്‍മ്മിക്കുന്നത്. വാഴത്തോപ്പ്, കട്ടപ്പന, ഇരട്ടയാര്‍,  നെടുങ്കണ്ടം, മാങ്കുളം, വെള്ളത്തൂവല്‍, അടിമാലി, മണക്കാട്, ഉടുമ്പന്നൂര്‍ തുടങ്ങി പതിനാറോളം  പഞ്ചായത്തുകളിലെ കുടുംബശ്രീ  യൂണിറ്റുകളിലും  പാമ്പാടുംപാറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ പാര്‍ക്കിലുമാണ്   മാസ്‌ക് ഉണ്ടാക്കുന്നത്.

 ഇതുവരെ 12,000 ഓളം മാസ്‌കുകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്തു.  5,000 മാസ്‌കുകള്‍ വിതരണത്തിനായി കുടുംബശ്രീ ജില്ലാ മിഷനില്‍ ശേഖരിച്ചിട്ടുണ്ട്. ഇവ അടുത്ത ദിവസം  വിതരണം ചെയ്യും. തിരുവനന്തപുരം കുടുംബശ്രീ  മിഷനിലേക്ക് ഇവിടെ നിന്നു മാസ്‌ക് എത്തിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ടൂറിസം വകുപ്പ് എന്നിവര്‍ക്കും മാസ്‌കുകള്‍ നല്‍കി. ഇതിനുപുറമേ  പ്രാദേശികമായി ആവശ്യക്കാര്‍ക്ക് യൂണിറ്റുകളില്‍ നിന്നു വിതരണം ചെയ്യുന്നുണ്ട്.  കോട്ടണ്‍ തുണികൊണ്ട് നിര്‍മിക്കുന്ന മാസ്‌കുകള്‍ വീണ്ടും കഴുകി ഉപയോഗിക്കാമെന്നത് കൊണ്ട്  കുടുംബശ്രീ മാസ്‌കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സിംഗിള്‍ ലെയര്‍ മാസ്‌കുകള്‍ക്കു 10 രൂപയാണ് വില. ടൂ ലെയര്‍ മാസ്‌കുകള്‍ക്കു 12-15 രൂപ വരെയും.  നിര്‍മാണ സാമഗ്രികള്‍ക്കു വേണ്ടി വരുന്ന തുകയ്ക്കു പുറമേ ചെറിയ പ്രതിഫലം മാത്രമാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിക്കുന്നത്.  ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് പരമാവധി മാസ്‌കുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം. മാസ്‌കുകള്‍ ആവശ്യമുള്ളവര്‍ കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍ - 04862232223.